കടയ്ക്കാവൂര്‍ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയത്. പോക്‌സോ കേസില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണെന്ന് വ്യക്തമായി. പോലീസിനെതിരേയുള്ള ആരോപണം ശക്തമായതോടെ കുട്ടിയുടെ ആദ്യ കൌണ്‍സിലിംങ് റിപ്പോര്‍ട്ട് പോലീസ് പുറത്ത് വിട്ടു. പത്ത് വയസ്സ് മുതല്‍ അമ്മ പീഡിപ്പിച്ചുവെന്ന മൊഴി കുട്ടി ആവര്‍ത്തിക്കുന്നതാണ് കൌണ്‍സിലിംങ് റിപ്പോര്‍ട്ട്. എന്നാല്‍ കൗണ്‍സിലിംങിനിടെ കുട്ടി കണ്ണില്‍ നോക്കി സംസാരിച്ചില്ലെന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം എഴുതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പീഡന പരാതി ശരിയാണെന്നോ കേസെടുക്കാമെന്നോ റിപ്പോര്‍ട്ടിലില്ല.

അതേസമയം കേസില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രഹസ്യമൊഴിയും വൈദ്യപരിശോധനാ ഫലം ഉള്‍പ്പെടുന്ന ഫയലുകള്‍ എത്തിക്കാന്‍ ഐ ജി ആറ്റിങ്ങള്‍ ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കി. കുട്ടിയുടെ പിതാവില്‍ നിന്ന് പണം വാങ്ങിയാണ് പോലീസ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപവും അന്വേഷിക്കുന്നുണ്ട്.