സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ, വീഴ്ച്ച സംഭവിച്ചത് 26 ആശുപത്രികളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്‌തതായി കണ്ടെത്തൽ. സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിലാണ് ഗുരുതര വീഴ്ച്ച സംഭവിച്ചിരിക്കുന്നത്. സിഎജി റിപ്പോർട്ടിലാണ് ഈ ഗുരുതര വീഴ്ച കണ്ടെത്തിയത്.

മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ മെഡിക്കൽ സർവീസ് കോർപറേഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2016 മുതൽ 2022 വരെ നിലവാരമില്ലാത്ത നാല് കോടിയോളം രൂപയുടെ മരുന്നുകൾ ആശുപത്രിയിൽ എത്തി. ഇത് രോഗികൾക്ക് നൽകുകയും ചെയ്‌തു.

നിലവാരമില്ലാത്തതിനാൽ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകളും വിതരണം നിർത്തിവെയ്‌ക്കാൻ ഉത്തരവിട്ട 11.69 ലക്ഷത്തോളം രൂപയുടെ മരുന്നുകളുമാണ് രോഗികൾക്ക് നൽകിയത്. ഇത് കഴിക്കുന്നതിലൂടെ രോഗികളുടെ ജീവൻ പോലും അപകടത്തിൽ ആയേക്കാനുള്ള സാധ്യത ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.