അനുഷ്‌കയും നിതയും സ്വീകരിച്ച പുരസ്‌കാരം ശൈലജ ടീച്ചർ സ്വീകരിക്കാൻ പാടില്ലെന്ന പരിഹാസവുമായി എത്തുന്ന സ്ത്രീകൾ എന്ത് രാഷ്ട്രീയമാണ് സംസാരിക്കുന്നത്- ദീപ നിശാന്ത്

കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ വോ​ഗ് മാ​ഗസിന്റെ കവർ ചിത്രത്തിൽ ഇടംപിടിച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.പ്രശംസിച്ചും വിമർശിച്ചും നിരവധിപ്പേരെത്തുന്നുണ്ട്. അനുഷ്‌ക ശർമയും നിത അംബാനിയും കരീന കപൂറുമൊക്കെ സ്വീകരിച്ച വോഗ് പുരസ്‌കാരം കമ്യൂണിസ്റ്റ് മന്ത്രിയായ ശൈലജ ടീച്ചർ സ്വീകരിക്കാൻ പാടില്ലെന്ന പരിഹാസവുമായി എത്തുന്നവർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ദീപ നിശാന്ത്.

കുറിപ്പിങ്ങനെ

വോഗ് മാഗസിൻ്റെ വുമൺ ഓഫ് ദി ഇയറായി ശൈലജ ടീച്ചറെ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും അവരുടെ പ്രവർത്തനമണ്ഡലത്തെ അത് കാര്യമായി ബാധിക്കാനിടയില്ല. അവരും അതിനു കാത്തിരിക്കുന്ന ഒരു സ്ത്രീയല്ലെന്നാണ് വ്യക്തിപരമായ ബോധ്യം.രാഷ്ട്രീയവിയോജിപ്പുകൾ ഇത്ര മര്യാദയോടെ / മൂർച്ചയോടെ / അന്തസ്സോടെ പ്രകടിപ്പിക്കുന്ന സ്ത്രീ എന്ന നിലയിൽ എനിക്കവരോട് ആദരവുണ്ട്. അവരുടെ കഴിവിൽ വിശ്വാസവുമുണ്ട്. അവർക്ക് അവരുടെ കഴിവിനുള്ള ഏത് അംഗീകാരം ലഭിച്ചാലും സന്തോഷം..

‘അസാധാരണവർഷം’ എന്നാണ് ഈ വർഷത്തെ വോഗ് മാഗസിൻ വിശേഷിപ്പിച്ചിരിക്കുന്നത്.കോവിഡ് പോരാട്ടത്തിന് അകത്തും പുറത്തും നേതൃത്വം നൽകിയ വ്യക്തികളെ ഈ വർഷം ആദരിക്കുന്നതായും പറയുന്നു.വ്യത്യസ്ത തൊഴിൽമേഖലകളിൽ വിജയം കൈവരിച്ച സ്ത്രീകളാണ് വോഗ് വുമൺ ഓഫ് ദി സീരീസിൽ നേരത്തെയും ഇടം പിടിച്ചിട്ടുള്ളത്. ഈ വർഷത്തെ പട്ടികയിൽ ശൈലജ ടീച്ചറെ കണ്ടപ്പോഴേക്കും, അനുഷ്ക ശർമ്മയും നിത അംബാനിയും കരീന കപൂറും സ്വീകരിച്ച വോഗ് പുരസ്കാരം കമ്യൂണിസ്റ്റ് മന്ത്രിയായ ശൈലജ ടീച്ചർ സ്വീകരിക്കാൻ പാടില്ലെന്ന പരിഹാസവുമായി എത്തുന്ന സ്ത്രീകൾ എന്ത് രാഷ്ട്രീയമാണ് സംസാരിക്കുന്നത്?

മേൽപ്പറഞ്ഞ മൂന്ന് സ്ത്രീകൾ അവരവരുടെ തൊഴിൽ മേഖലകളിൽ ശ്രദ്ധേയരായ / വിജയം കൈവരിച്ച / വ്യക്തികളാണ് എന്നിരിക്കേ ഇത്തരമൊരു നിന്ദയുടെ ആവശ്യമെന്താണ്? അതിൽ നിത അംബാനി വ്യവസായ സംരംഭകയും മറ്റ് രണ്ടു പേർ അഭിനേതാക്കളുമാണ്. പരിഹസിച്ച വ്യക്തി സിനിമകളിലഭിനയിക്കുന്ന ചാനലിൽ അവതാരകയായ വ്യക്തി കൂടിയാണ് എന്നിരിക്കെ സ്വന്തം തൊഴിൽമണ്ഡലത്തെക്കൂടിയാണ് അവർ അപമാനിക്കുന്നത്. നിങ്ങൾ രാഷ്ട്രീയം പറഞ്ഞ് അവരെ നേരിടൂ. സ്ത്രീവിരുദ്ധത പറഞ്ഞല്ല നിങ്ങൾ രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത്..