ആദ്യത്തെ കണ്മണിക്ക് 12 വയസ്, മകളുടെ ജന്മദിനം ആഘോഷമാക്കി ദിവ്യ ഉണ്ണി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.

ആദ്യ മകൾ മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ദിവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. “എന്റെ രാജകുമാരിക്ക് പന്ത്രണ്ടു വയസ്സ്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും മീനാക്ഷിയ്ക്കു വേണം” ദിവ്യ കുറിച്ചു. കുടുംബത്തിനൊപ്പം കേക്ക് മുറിച്ച്‌ പിറന്നാൾ ആഘോഷമാക്കുന്ന കൊച്ചു മീനാക്ഷിയെ വീഡിയോയിൽ കാണാം. ദിവ്യയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് മീനാക്ഷി. അർജുൻ എന്ന പേരുള്ള ഒരു മകനും ആദ്യ വിവാഹത്തിലുണ്ട്.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി.