സ്വന്തം രൂപത്തിലുള്ള കേക്ക് കടിച്ച് മുറിച്ച് നായയുടെ പിറന്നാള്‍ ആഘോഷം, അതും നക്ഷത്ര ഹോട്ടലില്‍

തൃശൂര്‍: വ്യത്യസ്തമായൊരു ജന്മദിനാഘോഷമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്വന്തം രൂപത്തിലുള്ള കേക്ക് സ്വയം കടിച്ച് മുറിച്ച് ആയിരുന്നു കസ്റ്ററിന്റെ ജന്മദിനം ആഘോഷിച്ചത്. പോളണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ലക്ഷങ്ങള്‍ വിലയുള്ള ലാബ്രഡോര്‍ നായയാണ് കാസ്റ്റര്‍. നക്ഷത്ര ഹോട്ടലായ ഗരുഡയില്‍ വെച്ച് ആതീവ ആഡംബരമായിട്ട് ആയിരുന്നു കാസ്റ്ററിന്റെ ജന്മദിനം ആഘോഷിച്ചത്.

കസ്റ്ററിന്റെ ഏഴാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ബെല്ല, എല്‍ബിയോ എന്നീ കൂട്ടുനായ്ക്കളും എത്തി. ഷൗ പ്രൗഡ് കെന്നല്‍ ക്ലബ്ബിന്റെ ഉടമയായ പ്രവാസി മലയാളി എല്‍ദോ കുര്യന്‍ ആണ് കാസ്റ്ററിനെ പോളണ്ടില്‍ നിന്നും സ്വന്തമാക്കിയത്. പോളണ്ടിലെ ഹെര്‍ബുസദോറ എന്ന കെന്നല്‍ ക്ലബ്ബില്‍ നിന്നു ലക്ഷങ്ങള്‍ മുടക്കി 3 വര്‍ഷം മുന്‍പാണ് എല്‍ദോ കാസ്റ്ററിനെ സ്വന്തമാക്കിയത്.

ഇന്ത്യയില്‍ എത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മുന്തിയ ഇനം ലാബ്രഡോര്‍ നായ്ക്കളിലൊന്നാണ് കസ്റ്റര്‍ എന്ന് എല്‍ദോ പറയുന്നു. അഞ്ച് രാജ്യങ്ങളില്‍ നടന്ന ഡോഗ് ഷോയില്‍ കസ്റ്റര്‍ മിന്നിത്തിളങ്ങി. ദേശീയ ചാംപ്യനുമായി. കാസ്റ്ററിനു കൂട്ടായി ജന്മദിനത്തില്‍ പങ്കെടുക്കാനെത്തിയ എല്‍ബിയോ അര്‍ജന്റീനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഡോബര്‍മാനാണ് ബെല്ല ലാബ്രഡോറും. കാസ്റ്ററിന്റെ രൂപത്തിലൊരുക്കിയ ജന്മദിന കേക്കാണ് നായ സ്വയം കടിച്ചു മുറിച്ച് ആഘോഷിച്ചത്. കാസ്റ്ററിന്റെ താരമൂല്യത്തിനനുസരിച്ചു വേണം ജന്മദിനാഘോഷം എന്നതുകൊണ്ടാണ് നക്ഷത്ര ഹോട്ടലില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നു ഉടമ എല്‍ദോ കുര്യന്‍ പറയുന്നു.