880 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 88 ക്യാപ്‌സ്യൂളുകളുമായി രണ്ട് വിദേശ പൗരന്മാർ പിടിയിൽ

മുംബൈ: നവി മുംബൈ കേന്ദ്രീകരിച്ചു വിതരണം ചെയ്യാനെത്തിച്ച ലഹരിമരുന്നുകളുമായി രണ്ടുപേർ പിടിയിൽ.വെനസ്വേല സ്വദേശി ജോയൽ അലജാൻഡ്രോ വെരാ റാമോസ് (19), നൈജീരിയൻ സ്വദേശി ഡാനിയൽ നെമെക് (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

880 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 88 ക്യാപ്‌സ്യൂളുകൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ജനുവരി ആറിന് പുലർച്ചെ 2.30 ന് സാകി വിഹാർ റോഡിൽ സംശയാസ്പദമായ നിലയിൽ കണ്ട വ്യക്തിയെ പിന്തുടർന്നാണ് ലഹരി പിടികൂടിയത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോൾ 88 കൊക്കെയ്ൻ ഗുളികകൾ പോലീസ് കണ്ടെടുത്തു.

ഡാനിയൽ നെമെക് എന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. സാക്കിനാക്കയിലെ ഡ്രീം റെസിഡൻസി ഹോട്ടലിൽ താമസിച്ചിരുന്നതായി മനസ്സിലാക്കിയ പോലീസ് ഹോട്ടൽ റെയ്ഡ് ചെയ്യുകയും കൂട്ടുപ്രതിയുമായ ജോയൽ അലജാൻഡ്രോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ബ്രസീലിൽ നിന്ന് എത്യോപ്യ വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു.