കുടിശ്ശിക അടച്ചില്ല, ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി

പത്തനംതിട്ട : വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ (ഡി.ഇ.ഒ.) ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് കെ.എസ്.ഇ.ബി. അധികൃതർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. എട്ട് മാസമായി വൈദ്യുതി കുടിശ്ശിക അടയ്‌ക്കാത്തതിനെ തുടർന്നാണ് നടപടി. 64,000 രൂപയാണ് ഡിഇഒ ഓഫീസിൽ നിന്ന് അടയ്‌ക്കാനുള്ളത്.

വിദ്യാഭ്യാസ വകുപ്പിൽ‌ നിന്ന് വൈദ്യുതി കുടിശ്ശിക അടയ്‌ക്കുന്നതിനുള്ള ഫണ്ട് അലോട്ട്മെന്റ് ർണമായും ലഭിക്കാത്തതിനാലാണ് വൈദ്യുതി ബിൽ അടയ്‌ക്കാൻ സാധിക്കാതിരുന്നതെന്ന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ആർ. അനില അറിയിച്ചു. നിലവിൽ ആകെ 10,000 രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു.

വകുപ്പിൽനിന്നു മുഴുവൻ തുക ലഭിക്കാതെ കുടിശ്ശിക അടയ്ക്കുവാനുമാകില്ല. നിലവിൽ മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ വ്യക്തികൾക്ക് ഇത്തരം തുകകൾ അടയ്ക്കുവാനും സാധിക്കില്ല. വരുന്ന ഫണ്ടുകൾ ട്രഷറിവഴി നേരിട്ടാണ് അടയ്ക്കുന്നത്. ഈ സാഹചര്യത്തിൽ മുഴുവൻ തുകയും സർക്കാരിൽനിന്നു ലഭിച്ചാൽ മാത്രമേ കുടിശ്ശിക പൂർണമായും അടച്ചുതീർക്കുവാൻ സാധിക്കൂ.

കണക്ഷൻ വിച്ഛേദിച്ചതോടെ ദുരിതത്തിലായി ഉദ്യോഗസ്ഥർ. ഇവർക്ക് കൊടും ചൂടിൽ ഫാനും വെള്ളവും ഇല്ലാതെ ജോലിചെയ്യേണ്ടിവന്നു‌. ഇൻവർട്ടർ ഉണ്ടായിരുന്നുവെങ്കിലും ഇതും അധികനേരം പിടിച്ചുനിന്നില്ല. ഇൻവർട്ടർ നിന്നതോടെ ഓഫീസിന്റെ പ്രവർത്തനം പൂർണമായും നിലച്ചു.