ലക്ഷ്യം മകളുടെ മോചനം, നിമിഷപ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്

കൊച്ചി : യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി ഇന്ന് യെമനിലേക്ക് തിരിച്ചു. ഇന്നു പുലർച്ചെ നെടുമ്പാശേരിയിൽ നിന്നു മുംബൈയിലെത്തി അവിടെ നിന്നു യെമനിൽ ഒൗദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഏദനിലേക്കാണ് അമ്മ പോകുന്നത്. വിമതരുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണു നിമിഷ കഴിയുന്നത്. ഏദനിൽ നിന്നു റോഡ് മാർഗം വേണം അവിടെയെത്താൻ.

യെമനില്‍ ഫെലിക്‌സ് എയര്‍വേയ്‌സ് സിഇഒയായ സാമുവല്‍ ജെറോമാണ് പ്രേമകുമാരിയുടെ പവര്‍ ഓഫ് അറ്റോര്‍ണി. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകളെ അമ്പത്തേഴുകാരിയായ പ്രേമകുമാരി കണ്ടിട്ട് 11 വര്‍ഷമായി. കിഴക്കമ്പലത്തെ വീട്ടില്‍ സഹായിയായി നില്‍ക്കുകയാണ് പ്രേമകുമാരി. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമനിയെ അവിടെ നഴ്‌സായിരുന്ന പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷപ്രിയ കൊന്നുവെന്നാണ് കേസ്.

എം.എ.യൂസഫലി, ജസ്റ്റിസ് കുര്യൻ ജോസഫ് അടക്കമുള്ളവരും യെമനിലെ നേതാക്കൻമാരും നിമിഷയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. ഗോത്ര വിഭാഗ നേതാക്കന്മാരുമായി ചർച്ച നടത്തുന്നതിനടക്കം ഇവരാണ് സഹായിക്കുന്നത്. എല്ലാവരുടെയും പിന്തുണയോടെ നിമിഷയെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി