വിസിയുടെ വിലക്ക് ലംഘിച്ച് പ്രസംഗം, ബ്രിട്ടാസിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ പ്രസംഗത്തില്‍ എംപിയോട് വിശദീകരണംതേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരായി വിശദീകരണം നല്‍കണം. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സംഘാടകര്‍ക്കും കമ്മിഷന്‍ നോട്ടിസ് നല്‍കി. വൈസ്ചാന്‍സലറുടെയും റജിസ്ട്രാറുടെയും വിലക്ക് മറികടന്നായിരുന്നു കേരള സര്‍വകലാശാലയില്‍ ജോണ്‍ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം.

പരിപാടിയുടെ സംഘടകരായ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എ.എസ്.സജിത്ത് ഖാൻ, പ്രസിഡന്റ് സന്തോഷ് നായർ എന്നിവരോട് ശനിയാഴ്ച ഇലക്‌ഷൻ കമ്മീഷന്റെ മുന്നിൽ നേരിട്ടു ഹാജരാകാനും നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ നോട്ടീസ് നൽകി.
സർക്കാർസ്ഥാപനങ്ങൾ രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ മാർഗനിർദേശമുണ്ടെന്നും മാതൃകാ തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചതിനുള്ള വിശദീകരണം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

വി.സി.യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം നടത്തരുതെന്ന് സംഘാടകരെ വിലക്കിയിരുന്നതായി സബ് കളക്ടറെ രജിസ്ട്രാർ അറിയിച്ചിരുന്നു. ‘ജനാധിപത്യവും വെല്ലുവിളികളും’ എന്ന പ്രഭാഷണപരമ്പരയിൽ ബി.ജെ.പി.യെയും പ്രധാനമന്ത്രിയെയും നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.