വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു, റോഡ് നിർമ്മാണത്തിനിടെ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

തൃശൂർ : റോഡ് നിർമ്മാണത്തിനിടെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശിയായ സിനാറുൽ ഇസ്ലാമാണ് മരിച്ചത്. തൃശൂർ ജില്ലയിലെ ആനമല മലക്കപ്പാറ റോഡ് നിർമ്മാണത്തിനിടെയായിരുന്നു അപകടം.

പണി ചെയ്യുന്നതിനായി രാവിലെ മെറ്റൽ ഇറക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടിയാണ് തൊഴിലാളിക്ക് ഷോക്കേറ്റത്. വൈദ്യുതാഘാതമേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

അതേസമയം, കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചു. കുമാരനല്ലൂര്‍ സ്വദേശിയായ കൃഷ്ണകുമാറിന്റെ കാറിനാണ് തീപിടിച്ചത്. അപകടം സംഭവിക്കുമ്പോള്‍ കൃഷ്ണ കുമാറും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.

കാറിന്റെ മുന്‍വശത്തു നിന്നും പുക ഉയരുകയായിരുന്നു. കാറില്‍ നിന്നും ഇരുവരും പുറത്തിറങ്ങുകയും കാറിന്റെ ബോണറ്റ് ഉയര്‍ത്തി വെക്കുകയും ചെയ്തു. പെട്ടന്ന് തീ ആളിപടരുകയായിരുന്നു വെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്ന് കോട്ടയത്തു നിന്നും ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.