കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടി, 6.6 ശതമാനമാണ് വർദ്ധന.

 

തിരുവനന്തപുരം/ സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു കൊണ്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അറിയിപ്പ്. 6.6 ശതമാനമാണ് വൈദ്യുതിചാർജിൽ വർദ്ധന. പ്രതിമാസം അൻപത് യൂണിറ്റ് വരെയുള‌ള ഗാർഹിക ഉപഭോക്താക്കൾക്ക് ചാർജ് വർദ്ധനയില്ല. 51 യൂണിറ്റ് മുതൽ 150 യൂണിറ്റ് വരെ 25 പൈസ വർദ്ധന വരുത്തി. 100 യൂണിറ്റ് വരെ പ്രതിമാസം 22.50 രൂപയുടെ വർദ്ധനയാണുള്ളത്. 2022- 23 വർഷത്തേക്കുള്ള നിരക്ക് വർധന വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ അധ്യക്ഷൻ പ്രേമൻ ദിനരാജാണ് പ്രഖ്യാപിച്ചത്.

150 യൂണിറ്റ് വരെ 47.50 വർദ്ധിക്കുന്നതാണ്. പെട്ടിക്കടകൾക്ക് കണക്‌ടഡ് ലോഡ് 2000 വാട്ട് ആക്കി ഉയർത്തിയിട്ടുണ്ട്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അങ്കൻവാടികൾ, എന്നിവിടങ്ങിൽ നിരക്ക് വർദ്ധനയില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കും നിലവിലെ ഇളവ് തുടരുന്നതാണ്. മാരക രോഗമുള‌ളവരുടെ വീടുകളിലും ഇളവുണ്ടാകും.

പെട്ടിക്കട, തട്ടുകട എന്നിവർക്ക് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ആയിരം വാട്ട് വരെയാണ് ഇവർക്ക് ഉപയോ​ഗിക്കാനുള്ള പരിധിയുണ്ടായിരുന്നത്. ഇത് 2000 വാട്ടായി ഉയർത്തി. ഇവർക്ക് ഫ്രഡ്ജ്, മിക്സി അടക്കമുള്ളവ ഈ പരിധിക്കുള്ളിൽ ഉപയോ​ഗിക്കാൻ കഴിയും.വിതരണ ഏജൻസികളുടെ പ്രവർത്തനം വിലയിരുത്തിയാകും ഇനിമുതൽ നിരക്ക് തീരുമാനിക്കുക. ഏജൻസി വരുത്തുന്ന വീഴ്ച മൂലമുള്ള ഭാരം ഉപഭോക്താക്കളിലേക്ക് നൽകാൻ അനുവദിക്കുന്നതല്ല.

പ്രതിമാസം 40 വാട്ട് ഉപയോഗിക്കുന്ന 1000 വാട്ട് കണക്‌ടഡ് ലോഡുള‌ളവർക്ക് വർദ്ധനയുണ്ടാകില്ല. 150 യൂണിറ്റ് മുതൽ 200 യൂണിറ്റ് വരെ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജ് 100ൽ നിന്ന് 160 ആക്കി ഉയർത്തി. 200-250 യൂണിറ്റ് സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് 80 രൂപ എന്നതിൽ നിന്ന് 100 രൂപയായും ചാർജ് കൂട്ടിയിട്ടുണ്ട്. കാർഷിക മേഖലയിലും വൈദ്യുതിചാർജ് വർധിപ്പിച്ചു. ഫിക്‌സഡ് ചാർജ് 10ൽ നിന്നും 15 രൂപയായാണ് ഉയർത്തിയിട്ടുള്ളത്.