മാതൃക കാണിക്കാൻ വേണ്ടിയാകും അച്ഛൻ നിശ്ചയം ലളിതമാക്കിയത്- ഗോകുൽ

നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷ് ​ഗോപിയുടെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. മാവേലിക്കര സ്വദേശികളായ മോഹൻ കുമാറിൻറെയും ശ്രീദേവിയുടെയും മകൻ ശ്രേയസ് കുമാറാണ് വരൻ. വിവാഹത്തിന് മുന്നോടിയായുള്ള നിശ്ചയ ചടങ്ങുകൾ സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് നടന്നിരുന്നു. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹം അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകും. ജനുവരി 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം നടക്കുക.

കേരള സാരി ആയിരുന്നു ഭാഗ്യയുടെ വേഷം. ഒരു നെക്ലേസ് അല്ലാതെ മറ്റ് ആഭരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല മേക്കപ്പും ചെയ്തിരുന്നില്ല. കുറച്ച് മുല്ലപ്പൂവ് മാത്രം തലയിൽ ചൂടിയിരുന്നു. വരനും വെളുത്ത നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ച് വളരെ സിംപിൾ ലുക്കിലാണ് ചടങ്ങിനെത്തിയത്. വിശ്വാസ പ്രകാരവും ആചാര പ്രകാരവുമുള്ള ലളിതമായ ചടങ്ങുകൾ മാത്രമാണ് നടന്നത്. ഇതിനു പിന്നാലെ കുടുംബത്തിലെ ആദ്യത്തെ വിവാഹ നിശ്ചയം ആയിരുന്നിട്ടും സുരേഷ് ​ഗോപി എന്തുകൊണ്ടാണ് ചടങ്ങുകളെല്ലാം ലളിതമാക്കി എന്ന ചോദ്യവുമായി ആരാധകർ എത്തിയിരുന്നു.

ഇപ്പോഴിതാ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മൂത്തമകൻ ഗോകുൽ സുരേഷ്. ലളിതമായി നടത്താമെന്നത് അച്ഛന്റെ തീരുമാനം ആയിരുന്നെന്നും ഒരു മാതൃക കാണിക്കാൻ വേണ്ടി കൂടിയാകും അങ്ങനെ ചെയ്തത്. അത് ഇങ്ങനെ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഗോകുൽ വ്യക്തമാക്കി.

‘അനിയത്തിയുടെ ജാതകം കൈമാറൽ ചടങ്ങാണ് നടന്നത്. മോതിരം മാറ്റം, ഒഫീഷ്യൽ എൻഗേജ്‌മെന്റ് ചടങ്ങ് പോലെ നടത്തിയില്ല. അച്ഛന് അത് സിംപിൾ ആയി ട്രഡീഷണൽ രീതിയിൽ തന്നെ നടത്തണം എന്നായിരുന്നു. ഒരു മാതൃക കാണിക്കാൻ വേണ്ടി കൂടിയാകും. കാശ് ഉണ്ടെന്ന് കരുതി അത് വെറുതെ ധൂർത്തടിക്കണ്ട കാര്യമില്ല എന്ന് കാണിക്കാനാകും. അത് ചെയ്യുന്നത് തെറ്റാണെന്ന് അല്ല ഞാൻ പറയുന്നത്. സാധാരണക്കാർക്ക് അത് ചിലപ്പോൾ കല്ലു കടിയാകാം.

എങ്കിലും അതുപോലെയൊക്കെ മാതൃകയാകാൻ അച്ഛന് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ഏറ്റവും സിംപിൾ ആയിട്ട്, ഞങ്ങളുടെ സമുദായത്തിന്റെ രീതിയിൽ നടത്തിയതേയുള്ളു. അത് ഇത്ര ചർച്ചയാകുമെന്ന് ഞങ്ങൾ കരുതിയില്ല. ഫോട്ടോ എടുക്കാനൊന്നും ആരെയും ഏല്പിച്ചിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ ഒരു സ്റ്റാഫിന്റെ ഫോണിൽ എടുത്ത ചിത്രങ്ങളാണ്. ചില ചിത്രങ്ങൾ ശ്രദ്ധിച്ചാൽ പുള്ളിയുടെ പേരും ആ ഫോണിന്റെ ഡീറ്റൈൽസുമൊക്കെ അതിൽ കാണാം.