പ്രജ്ഞാനന്ദയുടെ കുടുംബത്തിന് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

തോൽവിയെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി കൊണ്ട് തല ഉയർത്തി പിടിച്ചാണ് പ്രജ്ഞാനന്ദ അന്താരാഷ്‌ട്ര ചെസ് ലോകകപ്പ് മത്സത്തിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നത്. ഇപ്പോഴിതാ പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് ഇലക്ട്രിക് എക്‌സ്‌യുവി സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് (എക്‌സ്) അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രജ്ഞാനന്ദയ്‌ക്ക് ഒരു ഥാർ നൽകണമെന്ന് അഭ്യർത്ഥിച്ച് നിരവധി പേർ ആനന്ദ് മഹീന്ദ്രയെ ട്വിറ്ററിൽ ടാഗ് ചെയ്തിരുന്നു, ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മറുപടി പോസ്റ്റ്.

“നിങ്ങളുടെ വികാരത്തെ അഭിനന്ദിക്കുന്നു. പ്രജ്ഞാനന്ദയ്‌ക്ക് ഥാർ സമ്മാനിക്കാൻ പലരും തന്നോട് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് തോന്നുന്നത് മറ്റൊരു ആശയമാണ്. പ്രജ്ഞാനന്ദയുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത്.” ഇതായിരുന്നു ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ.

വീഡിയോ ഗെയിമുകളുടെ ജനപ്രീതി വർദ്ധിച്ച ഇക്കാലത്ത് ചെസ് പോലെയുള്ള ബൗദ്ധിക ഗെയിമുകൾ ശീലമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഒരു ഇലക്ട്രിക് വാഹനം എങ്ങനെ ഭാവിയിലേക്കുള്ള നിക്ഷേപമാകുന്നുവോ അതുപോലെയാണിത്. അതിനാൽ പ്രജ്ഞാനന്ദയുടെ മാതാപിതാക്കൾക്ക് എക്‌സ്‌യുവി400 EV സമ്മാനമായി നൽകണമെന്നാണ് താൻ കരുതുന്നതെന്നും ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. നാഗലക്ഷ്മി, രമേഷ്ബാബു എന്നിവർ മകന്റെ അഭിനിവേശം വളർത്തിയതിനും അവന് പിന്തുണ നൽകിയതിനും നന്ദി അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർവെയുടെ മാഗനസ് കാൾസനോട് ഫൈനലിൽ ഒന്നര പോയിന്റിന് പിന്നിലായെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയാണ് പ്രജ്ഞാനന്ദയുടെ മടക്കം. കടുത്ത പ്രതിരോധമാണ് പ്രജ്ഞാനന്ദ ഉയർത്തിത്. ബുദ്ധിരാക്ഷൻ എന്നായിരുന്നു പ്രജ്ഞാനന്ദയെ മാഗനസ് വിശേഷിപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് കളികളിൽ സമനിലയിൽ അവസാനിച്ചെങ്കിലും അവസാനത്തെ ട്രൈബ്രേക്കറിൽ പിന്നിലാകുകയായിരുന്നു പ്രജ്ഞാനന്ദ.അന്താരാഷ്‌ട്ര ചെസ് ലോകകപ്പ് മത്സത്തിൽരണ്ടാം സ്ഥാനത്തെത്തിയ പ്രജ്ഞാനന്ദയുടെ വാക്കുകളാണ് ഇേേപ്പാൾ സമൂഹ മാദ്ധ്യമത്തിൽ ഇടം പിടിച്ചിരിക്കുന്നത്.

ചെസ് ലോകകപ്പ് മത്സരത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കാൻ സാധിച്ചതിലും 2024-ലെ മത്സരത്തിലേക്ക് യോഗ്യത നേടിയതിലും അതിയായ സന്തോഷമുണ്ട്. നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയ്‌ക്കും, സ്‌നേഹത്തിനും, പിന്തുണയ്‌ക്കും നന്ദി. പ്രജ്ഞാനന്ദ എക്‌സിൽ (ട്വിറ്റർ) കുറിച്ചു. ‘എന്റെ എക്കാലത്തേയും പിന്തുണയും അഭിമാനവുമായ എന്റെ അമ്മയോടൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് പ്രജ്ഞാനന്ദ മാതാവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ സിൽവർ മെഡൽ അമ്മയ്‌ക്ക് സമർപ്പിച്ചിരിക്കുന്ന ചിത്രമാണ് പ്രജ്ഞാനന്ദ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ‘ഇതിഹാസവും അവരുടെ മകനും’ എന്ന അടിക്കുറിപ്പോടെയാണ് നിരവധി പേർ പ്രജ്ഞാനന്ദയ്‌ക്കും അമ്മയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ആ ചിത്രങ്ങളും പ്രജ്ഞാനന്ദ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനു മുമ്പും പ്രജ്ഞാനന്ദയുടെ അമ്മയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രജ്ഞാനന്ദയുടെ പോസ്റ്റും സ്വീകരിക്കപ്പെടുന്നത്.