സ്വര്‍ണ്ണക്കടത്ത്, ഡോളർകടത്ത് കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

സ്വര്‍ണ്ണക്കടത്ത്, ഡോളർകടത്ത് കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചതിനാൽ അന്വേഷണം നിലച്ചു. കസ്റ്റംസ്, ഇഡി, എന്‍ഐഎ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് പകുതിയോടെ മാത്രമേ ഇനി അന്വേഷണം പുനഃരാരംഭിക്കാന്‍ സാധ്യതയുള്ളൂ.

കൊവിഡ് ബാധിച്ചു ക്വാറന്റീനില്‍ ആയിരുന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥര്‍ പോയിരുന്നു. പിന്നാലെ പ്രിവന്റീവ് ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗബാധയുണ്ടായി. തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് ഭാഗികമായി അടച്ചത്. ഇതോടെ സ്വര്‍ണ്ണക്കടത്ത്/ഡോളര്‍ കേസുകളില്‍ അന്വേഷണം നിലച്ച മട്ടാണ്. സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ തുടര്‍ ചോദ്യം ചെയ്യല്‍ നീളും.

അതേസമയം എന്‍ഐഎ ആസ്ഥാനത്തും ഇഡി ഓഫിസിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഡോളര്‍ക്കടത്തിലടക്കം സമയബന്ധിതമായി അന്വേഷണം നടന്നില്ലെങ്കില്‍ അത് കേസിനെ ബാധിക്കുമെന്ന് ആശങ്ക ഏജന്‍സിക്കുണ്ട്. ഇഡിക്കും, കസ്റ്റംസിനുമൊപ്പം എന്‍ഐഎ ഉദ്യോഗസ്ഥരില്‍ പലരും കൊവിഡ് ക്വാറന്റീനിലാണ്. തീവ്രവാദ കേസുകളിലടക്കം അന്വേഷണത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.