അമേരിക്കയിൽ കൂട്ട വെടിവെപ്പ്, 22 മരണം, അറുപതോളം പേർക്ക് പരിക്ക്

ലൂവിസ്റ്റൺ : ഒരിടവേളയ്ക്ക് ശേഷം അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. അമേരിക്കയിലെ ലൂവിസ്റ്റണിൽ രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഏകദേശം അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വാൾമാർട്ട് സെന്ററിലും ഒരു ലോക്കൽ ബാറിലുമാണ് വെടിവെപ്പുണ്ടായത്.

അക്രമിയെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സെമി ഓട്ടോമാറ്റിക്ക് റൈഫിളുപയോഗിച്ചാണ് വെടിയുതിർത്തത് എന്നാണ് കണ്ടെത്തൽ. ഇയാളെ കണ്ടെത്താനാകാത്തതിനാൽ ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും പോലീസ് നിർദേശം നൽകി.

സംശയാസ്പദമായ വിധത്തിൽ ഏതെങ്കിലും വ്യക്തിയെ കണ്ടാൽ ഉടൻ 911ൽ ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. റോബർട്ട് കാർഡ് എന്ന യുവാവാണ് അക്രമിയെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.