അതിതീവ്രമഴ, കണ്ണൂരിൽ ഉരുൾപൊട്ടി, രണ്ട് ജില്ലകൾക്ക് നാളെയും അവധി

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടി, ഐ.സി.എസ്.ഇ/ സി.ബി.എസ്.ഇ സ്‌കൂളുകൾ, മദ്രസകൾ എന്നിവയടക്കം ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

കണ്ണൂരിൽ ജില്ലയിലെ ഇരുട്ടിക്കടുത്താണ് ഇന്ന് വൈകുന്നേരത്തോടെ ഉറപൊട്ടിയത്. കലാങ്കി എന്ന സ്ഥലത്താണ് സംഭവം. കർണാടക വനത്തിനുള്ളിലാണ് ഉരുൾപൊട്ടിയത്. വളപട്ടണം പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ അപകടഭീതിയിലാണ്. കർണാടക വനത്തിൽ ഇനിയും ഉരുൾപൊട്ടിയാൽ. ഇത് ഇരിട്ടിയെയും ബാധിക്കും. കർഷകരെയും ഇത് ബാധിക്കും. ഇതുവരെ വീടുകൾക്കുളിലേക്ക് വെള്ളം കയറിയിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.

കണ്ണൂർ ജില്ലയിൽ നാളെ നടത്താനിരുന്ന പി.എസ്. സി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ നാളെ (ചൊവ്വ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.