ഉമ്മൻചാണ്ടിയുടെ നിഘണ്ടുവിൽ വിശ്രമമെന്ന പദമില്ല, രോഗാവസ്ഥയിലും ഓടി നടന്ന് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിച്ചു, മുഖ്യമന്ത്രി പിണറായി വിജയൻ

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഉമ്മൻ ചാണ്ടി അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. കോൺഗ്രസ് പാ‌ർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.പി.സി,സി സംഘടിപ്പിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

വിദ്യാർത്ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയരംഗത്തുണ്ടായിരുന്ന ഉമ്മൻചാണ്ടി കോൺഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 70ലാണ് ഉമ്മൻചാണ്ടി പാർലമെന്ററി പ്രവർത്തനം തുടങ്ങിയത്. അന്ന് തൊട്ട് ഇന്ന് വരെ 53 വർഷമാണ് ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഉമ്മൻചാണ്ടി തുടർച്ചയായി ആ പ്രവർത്തനം ഭംഗിയായി നിറവേറ്റി. ഇതിന്റെ ഭാഗമായി ഒട്ടേറെ വകുപ്പുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനും ഉമ്മൻചാണ്ടിക്ക് കഴിഞ്ഞു.

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഉമ്മൻ ചാണ്ടി അങ്ങേയറ്റം പ്രാധാന്യം കൊടുത്തു. പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവായി മാറി. അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻ ചാണ്ടി മാറി. പ്രത്യേക നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചു. രോഗത്തിനു മുന്നിൽ തളരാതെ അർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റി’’.കോൺഗ്രസ് പാർട്ടിയിൽ ഉമ്മൻചാണ്ടിക്ക് ഉണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. ഒടുവിൽ രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ആ രോഗത്തിന് മുന്നിൽ ഒരു ഘട്ടത്തിലും ഉമ്മൻചാണ്ടി പതറിയിരുന്നില്ല. രോഗകാലത്ത് ചടങ്ങിനിടെ കണ്ടുമുട്ടിയപ്പോൾ ആരോഗ്യവിവരങ്ങളെക്കുറിച്ച് ഉമ്മൻ ചാണ്ടിയുമായി സംസാരിച്ച കാര്യവും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.

‘‘ചികിത്സയ്ക്കിടെ ഒരു പൊതുപരിപാടിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ നേരത്തേതിനേക്കാൾ പ്രസരിപ്പും ഉൻമേഷവും കണ്ടു. നല്ല മാറ്റമാണല്ലോ വന്നിരിക്കുന്നതെന്നു ഞാൻ ചോദിച്ചു. അദ്ദേഹം ചികിത്സിച്ച ഡോക്ടറുടെ പേരു പറഞ്ഞു. ഇപ്പോൾ നല്ല മാറ്റമുണ്ടെന്നും പറ‍ഞ്ഞു. ഞാൻ ഡോക്ടറെ വിളിച്ച് അനുമോദിച്ചു. ചികിത്സയുടെ ഭാഗമായി താൻ പറയുന്നത് അംഗീകരിക്കുമോ എന്നറിയില്ലെന്നും അദ്ദേഹം വിശ്രമിക്കാൻ തയാറാകില്ലെന്നുമാണ് ഡോക്ടർ പറഞ്ഞത്. വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ല. രോഗം ബാധിച്ചപ്പോഴും പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. രോഗാവസ്ഥയിലും കേരളം മൊത്തം എത്തുന്ന ഉമ്മൻ ചാണ്ടിയെ ആണ് കണ്ടത്. വിയോഗം കോൺഗ്രസിനു കനത്ത നഷ്ടമാണ്. പെട്ടെന്ന് നികത്താവുന്ന വിയോഗമല്ല. യുഡിഎഫിനും വലിയ നഷ്ടം ഉണ്ടായി’’– മുഖ്യമന്ത്രി പറഞ്ഞു.