പിതാവിനെ നോക്കാനെത്തിയ ഹോം നഴ്സ് സ്വർണവും പണവും കവർന്ന് മുങ്ങി, അറസ്റ്റ്

ഹോം നഴ്‌സ് ജോലിക്കെത്തി വീട്ടിലെ അലമാരയിൽ നിന്നും സ്വർണവും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡത്ത് കണച്ചിവിള ഭാഗം മധുസൂദനൻ(55)ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 19ന് പുലിയൂർ പൊറ്റമേൽകടവ് ബിജുവിന്റെ വീട്ടിൽ ബിജുവിന്റെ പിതാവിനെ ശുശ്രൂഷിക്കാൻ ഹോം നേഴ്സായി എത്തിയതായിരുന്നു ഇയാൾ. 20ന് പുലർച്ചെ ഇയാളെ കാണാതായി. അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണാഭരണങ്ങളും കാൽ ലക്ഷം രൂപയും ഇയാൾ കവർന്നു.

വീട്ടുടമസ്ഥൻ പൊലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ചെങ്ങന്നൂർ സി.ഐ ദേവരാജൻ, എസ്‌.ഐ മാരായ വിനോജ്, അസീസ്, രാജീവ്,എസ്. സിപിഒമാരായ സീൻ കുമാർ, അരുൺ പാലയുഴം, മിഥിലാജ്, സിപിഒ രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.