വിറകെടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ മണ്ണഞ്ചേരിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. പാചകത്തിനായി അടുക്കളയിലേക്ക് വിറക് എടുക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ശനിയാഴ്ച പകൽ 11.15 ഓടെയാണ് സംഭവം.

അടുക്കളയിൽ പാചക ആവശ്യത്തിനായി വിറക് ശേഖരിക്കുകയായിരുന്നു ദീപ. വീടിന്റെ പുറത്ത് ചുമരിനോട് ചേർത്ത് വെച്ചിരുന്ന വിറകായിരുന്നു ദീപയെടുത്തത്. തുടർന്ന് അടുക്കളയിലെത്തിയപ്പോൾ കയ്യിൽ മുറിവ് കാണുകയായിരുന്നു. വിറക് കൊണ്ട് മുറിഞ്ഞതാണെന്ന് ആദ്യം കരുതിയതിനാൽ പ്രാഥമിക ശുശ്രൂഷകളൊന്നും തന്നെ ദീപയ്‌ക്ക് ലഭിച്ചില്ല.

എന്നാൽ കുറച്ച് സമയം പിന്നിട്ടതോടെ മുറിവ് പറ്റിയ വിരലിൽ നിറം മാറുകയും മറ്റ് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. ഇതോടെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ ദീപയെ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മക്കൾ: ദേവപ്രിയ,ദേവാനന്ദ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.