ഇറാനില്‍ ഹിജാബ് വലിച്ചൂരിയെറിഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം

ടെഹ്‌റാന്‍. ഇറാനില്‍ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇറാനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേരാണ് പ്രതിഷേധവിമായി തെരുവിലിറങ്ങിയത്. തലസ്ഥാനമായ ടെഹ്‌റാനിലും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും പ്രതിഷേധക്കാര്‍ തടിച്ച് കൂടുകയാണ്. ഭരണാധികാരികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ സ്ത്രീകള്‍ ഹിജാബ് വലിച്ചൂരി എറിഞ്ഞു.

പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതേസമയം മഹ്‌സ അമിനി താമസിച്ചിരുന്ന കുര്‍ദിസ്ഥാനില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് ഈ പ്രധേശത്ത് പ്രതിഷേധത്തിനായി എത്തിയത്. ഇവരെ ക്രൂരമായി നേരിടുകയാണ് പോലീസ് ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പ്രതിഷേധക്കാര്‍ വ്യാപകമായി ആക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പ്രതിഷേധം ശക്തമായതോടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി മഹ്‌സയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മഹ്‌സയെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് പോലീസ് മഹ്‌സയെ ഡിറ്റഷന്‍ സെറ്ററിലേക്ക് മാറ്റുന്നതിനിടെയാണ് ക്രൂരമായി മര്‍ദ്ദനം ഉണ്ടായത്. പോലീസ് വാനില്‍ വെച്ച് മഹ്‌സയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കോമയിലായ മഹ്‌സ ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇറാനിലെ സദാചാര പോലീസായ ഗഷ്‌തെ ഇര്‍ഷാദ് ആണ് മഹ്‌സയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തില്‍ ബന്ധമില്ലെന്നും മഹ്‌സയെ മര്‍ദ്ദിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. നിരവധി പ്രമുഖര്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.