ഇന്ത്യയും ചൈനയും പ്രതിരോധ ശക്തിയിൽ തുല്യ ശക്തികളാണ്, ഇന്ത്യയെ നോട്ടം കൊണ്ട് പോലും തകർക്കാനാവില്ല.

ന്യൂഡൽഹി. ഇന്ത്യയെ നോട്ടം കൊണ്ട് പോലും തകർക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടിനൽകാൻ സൈന്യത്തിന് ശേഷിയുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയും ചൈനയും പ്രതിരോധ ശക്തിയിൽ തുല്യ ശക്തികളാണ്. ചൈനയുമായി ഇന്ത്യ നടത്തുന്ന പ്രതിരോധ നില തുല്യമാണ്. ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖറുടെ അദ്ധ്യക്ഷതയിൽ നടന്ന ദീൻ ദയാൽ ഉപാധ്യായയുടെ അഞ്ച് വാല്യത്തിലുള്ള പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

1964ൽ ചൈന ആദ്യമായി ന്യൂക്ലിയർ ബോംബ് നിർമ്മിച്ചപ്പോൾ ഇന്ത്യയും ന്യൂക്ലിയർ ബോംബ് നിർമ്മാണം നടത്തണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ദീൻ ദയാൽ ഉപാധ്യായയായിരുന്നു. 1998ൽ ഇന്ത്യ ന്യുക്ലിയർ ബോംബ് നിർമ്മിച്ച് രാജസ്ഥാനിൽ പരീക്ഷണം നടത്തി. ഇന്ത്യ വികസിപ്പെച്ചെടുത്ത ന്യൂക്ലിയർ ബോംബ് മറ്റൊരു രാജ്യത്തിന് ഭീഷണി ആകാനല്ല നിർമ്മിച്ചത്. മറിച്ച് രാജ്യത്തിന് സ്വയം പ്രതിരോധം തീർക്കാൻ വേണ്ടിയാണെന്നാണ് ദീൻ ദയാൽ ജി പറഞ്ഞത് രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു.

ഇത്തരം പ്രതിരോധ സംവിധാനങ്ങൾ നമുക്കുള്ളത് ഇന്ത്യൻ സൈന്യത്തിന് തികഞ്ഞ ആത്മവിശ്വാസമാണ് നൽകുന്നത്. നിലവിലുള്ള സാഹചര്യത്തിൽ രാജ്യത്തിനെതിരെ ആരെങ്കിലും പ്രവർത്തിച്ചാൽ ശക്തമായി പ്രതിരോധിക്കാനുള്ള ശേഷി ഇന്ന് സൈന്യത്തിനുണ്ട്. പ്രതിരോധ നിർമ്മാണ രംഗത്ത് ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത്, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ സ്വപ്നമായിരുന്നു. ഇന്ത്യ ഇന്ന് സ്വന്തമായി യുദ്ധോപകരണങ്ങൾ നിർമ്മിക്കുക മാത്രമല്ല മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുക കൂടി ചെയ്യുന്നു. ഇത് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ ആഗ്രഹത്തിന്റെ സഫലീകാരണമാണ് – രാജ്‌നാഥ് സിംഗ് പറഞ്ഞു.

സൈന്യത്തിണ് ഇന്ന് ആവശ്യമായ 310 ഓളം പ്രതിരോധ ഉപകരണങ്ങളുടെ മൂന്ന് തരത്തിലുള്ള ലിസ്റ്റുകൾ രാജ്യത്തിനകത്തുള്ള നിർമ്മാണ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇവരുമായുള്ള കരാർ തീർന്നതിന് ശേഷമേ രാജ്യത്തിന് പുറത്തേക്ക് അവ നൽകുകയുള്ളൂ. ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഉപകരണങ്ങളാകും ഇവയെല്ലാം. ബജറ്റിൽ അനുവദിച്ച തുകയുടെ ഭൂരിഭാഗവും രാജ്യത്തിനകത്ത് നിർമ്മിക്കുന്ന ഉപകരണങ്ങൾ വാങ്ങാനാകും ഉപയോഗിക്കുന്നത് – കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞു.