കേരളം കടത്തിന് നല്‍കുന്ന പലിശ വര്‍ധിക്കുന്നു, പലിശ കേരളത്തെ കടക്കെണിയിലാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി. കേരളത്തിന് വേണ്ടി കടമെടുക്കുന്ന കിഫ്ബിക്കും കേരള സോഷ്യസ് സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനും സ്വന്തമായി വരുമാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരളത്തിന്റെ കടത്തിന്റെ പലിശ വര്‍ധിക്കുകയാണ്. ഇത് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരെ കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേന്ദ്രം സുപ്രീം കോടതിയെ നിലപാട് അറിയിച്ചത്.

14 ധന കമ്മീഷന്‍ പലിശയിനത്തില്‍ നല്‍കുന്ന തുക റവന്യൂ വരുമാനത്തിന്റെ പത്ത് ശതമാനത്തില്‍ അധികമാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളം പലിശ ഇനത്തില്‍ നല്‍കുന്നത് റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അതേസമയം കേരളം കടം എടുക്കുന്ന പണം ഉത്പാദന മേഖലയിലല്ല നിക്ഷേപിക്കുന്നതെന്നും ശമ്പളം, പെന്‍ഷന്‍ പോലുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

2018- 19 വര്‍ഷത്തിലെ റവന്യൂ വരുമാനത്തിന്റെ 78 ശതമാനമായിരുന്നു ചെലവ്. എന്നാല്‍ 2021-22 വര്‍ഷത്തില്‍ ഇത് 82.40 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കേരളത്തില്‍ ധനകമ്മിയിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നതെന്നും 2017 വര്‍ഷത്തില്‍ ധനകമ്മി 2.41 ശതമാനമായിരുന്നു. ഇത് 2021-22ല്‍ 3.17 ശതമാനമായി.