അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിച്ച് പണമിടപാടിലെത്തി, വിജിലന്‍സ് ഡിവൈഎസ്പിക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം . അഴിമതിക്കാരെയും കള്ളപ്പണക്കാരെയുമൊക്കെ പിടികൂടാൻ നിയുക്തനായ വിജിലൻസ് ഉദ്യോഗസ്ഥൻ അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയുടെ കൈയ്യിൽ നിന്ന് കൈക്കൂലിയായി പണമിടപാട് നടത്തിയാലോ? എന്തായിരിക്കും? പിണറായിയുടെ ഭരണത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരെ പോലും വിശ്വസിക്കാൻ ആവാത്ത അവസ്ഥയാണ് ജനങ്ങൾക്ക് മുന്നിൽ ഒരു DYSP വരുത്തി വച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെയാണ് അന്വേഷണം.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി പി വേലായുധന്‍ നായരുടെ പേരില്‍ കേസ് രജ്സ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ദിവസങ്ങള്‍ക്ക് മുമ്പ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടി ജയിലില്‍ അടച്ചിരുന്നു.

ഈ കേസിലെ പ്രതിയുമായി തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിക്കുകയാണ് ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിയെ പ്രതിയാക്കി തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നത്.

കൈക്കൂലി കേസില്‍ പിടിയിലായ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലില്‍ അനധികൃത സ്വത്ത് സമ്പാദന കേസുണ്ടായിരുന്നു. മുമ്പ് ഈ കേസിന്റെ അന്വേഷണം നടത്തിയത് വേലായുധന്‍ നായര്‍ ആയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും തമ്മിലുള്ള സാമ്പത്തിക ഇടപാട് ഗൗരവതരമെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് ശക്തമായ നടപടി എന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ.