രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് ടോം പുലിക്കുന്നേല്‍

പാലാ ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍. ഇതിനായുള്ള തുടര്‍ നിയമനടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നും ജോസ് ടോം പറഞ്ഞു.

അതേസമയം, ചിഹ്നത്തിന്റെ വിഷയം യുഡിഎഫ് ഇടപെട്ട് തീര്‍ക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ടില ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഈ വിഷയത്തില്‍ ആരുമായും തര്‍ക്കത്തിനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ജോസ് പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

പാലായില്‍ കളം പിടിക്കാന്‍ മുന്നണികള്‍ പോരാട്ടം ശക്തമാക്കി. എല്‍ഡിഎഫിന്റെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ഇന്ന് പൂര്‍ത്തിയാകും. രണ്ട് ദിവസത്തിനുള്ളില്‍ പ്രചാരണത്തില്‍ ഒപ്പമെത്താനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ എന്‍ഡിഎയെയും കളത്തിലിറങ്ങി കഴിഞ്ഞു