നായ മൂലം യുവ എഞ്ചിനീയർക്ക് ദാരുണന്ത്യം

ഷൊർണുരിൽ ബൈക്ക് യാത്രികയായ യുവ എഞ്ചിനീയർക്ക് നായ മൂലം ദാരുണന്ത്യം. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാർക്ക് കടുത്ത വെല്ലുവിളി ആയിരിക്കുകയാണ് റോടുകളിൽ വർധിച്ചു വരുന്ന നായകൾ. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ മയിൽ കുറുകെ ചാടിയും ബൈക്ക് യാത്രക്കാർക്ക് മരണം സംഭവിച്ചിരുന്നു.
കോട്ടയം ഈരാറ്റുപേട്ട പേഴുമുക്കാട്ടില്‍ പരീത് ബാവ ഖാന്റെ മകള്‍ ജുവൈന പി ഖാന്‍ ആണ് മരിച്ചത്. 46 വയസായിരുന്നു.

ജുവൈന ഭര്‍ത്താവും തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് അധ്യാപകനുമായ അബ്ദുല്‍ ജമാലിനൊപ്പം ഷൊര്‍ണൂരില്‍ നിന്നും ചെറുതുരുത്തിയിലേക്കു പോകുമ്പോള്‍ കൊച്ചിപ്പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. പതിവ് നടത്തത്തിന് ഇറങ്ങിയതായിരുന്നു ജുവൈന. മഴ പെയ്തതിനെ തുടര്‍ന്നാണ് ജമാല്‍ ജുവൈനയെ കൂട്ടിക്കൊണ്ട് പോകാന്‍ പോയത്.

മഴ മാറിയതോടെ ഇരുവരും ചെറുതുരുത്തിയലെ മാര്‍ക്കറ്റിലേക്ക് തിരിച്ചു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. നായ വട്ടം ചാടിയതിനെ തുടര്‍ന്ന് വാഹനം മറിയുകയായിരുന്നു. ഇതോടെ തെറിച്ചുവീണ ജുവൈനയ്ക്ക് പരുക്ക് പറ്റിയിരുന്നു. ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഈരാറ്റുപേട്ടയിലേക്കു കൊണ്ടുപോയി.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്നു. നേരത്തെ ഷൊര്‍ണൂര്‍ നഗരസഭ, ഓങ്ങല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ എന്‍ജിനീയറായിരുന്നു. കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനീയറിങ് ലക്ചററായിരിക്കെയാണു തദ്ദേശ സ്ഥാപന എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം ലഭിച്ചത്. ജമിയ, ജിയ എന്നിവര്‍ മക്കളാണ്.