കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കടുത്ത ഭിന്നത, പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ വിമർശനം

കണ്ണൂര്‍: കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കടുത്ത ഭിന്നത. സിപിഎം നേതാവ് പി. ജയരാജന്റെ മകനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം രംഗത്ത്. സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കിരണ്‍ കരുണാകരനെതിരായ ആരോപണത്തെ തുടര്‍ന്നാണ് ആദ്യം ഡി.വൈ.എഫ്.ഐ. ബ്ലോക്ക്, ജില്ലാ കമ്മിറ്റികളും പിന്നാലെ പാര്‍ട്ടിയും രംഗത്തെത്തിയത്. കിരണിനെതിരായ പോസ്റ്റുകള്‍ അനവസരത്തിലും പ്രസ്ഥാനത്തിന് അപകീര്‍ത്തികരവുമാണെന്ന് സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

ജെയിന്‍ രാജിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല. കിരണിന്റെ ഫെയ്‌സ്ബുക്ക് കമന്റില്‍ ഒരു വര്‍ഷം മുമ്പേ വന്നു ചേര്‍ന്ന തെറ്റായ പരാമര്‍ശം അപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെടുകയും തെറ്റ് തിരുത്തുകയും ചെയ്യ്തിട്ടുണ്ട്. എന്നാല്‍, ഇത് വീണ്ടും കുത്തി പൊക്കിയത് ശരിയായ പ്രവണതയല്ല. വ്യക്തിപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് തികച്ചും അപലപനീയമാണെന്ന് .
പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സംഘടനയെ മോശമാക്കാനുള്ള ശ്രമമാണ് പി. ജയരാജന്റെ മകൻ ജെയിൻരാജ് നടത്തുന്നതെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ എന്ന പേരിലുള്ള ഫെയ്‌സ്ബുക്കിൽ കഴിഞ്ഞ ദിവസം കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനെതിരെ ജെയിൻരാജ് സാമൂഹ്യ മാധ്യമങ്ങളിൽ സഭ്യമല്ലാത്ത ഭാഷയിൽ പ്രചാരണം നടത്തിയതിന് പിന്നാലെയാണിത്

കിരണിനെ സഭ്യമല്ലാത്ത ഭാഷയിൽ വിമർശിച്ച് ജെയിൻരാജ് കഴിഞ്ഞ ദിവസങ്ങളിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ്, ജയിന്റെ പേര് പരാമർശിക്കാതെ ഡിവൈഎഫ്ഐയുടെ ഫെയ്‌സ്ബുക്ക് പേജിൽ കുറിപ്പ് വന്നത്.സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുമായി കിരണിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റും ജെയിൻരാജ് പങ്കു വെച്ചിരുന്നു.

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡിവൈഎഫ്ഐയെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂരിന്റെ പ്രസ്താവനയിൽ പറയുകയുണ്ടായി. ജയരാജന്റെ മകൻ ജെയിൻരാജിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് സംഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്ന് ഡിവൈഎഫ്‌ഐ പ്രതികരിച്ചിരുന്നു.