ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തി, കര്‍ണാകട സ്വദേശിക്ക് ഒരു കോടിയുടെ ഭാഗ്യം

ഭാഗ്യം ഏത് വഴിവരും എന്ന് പറയാനായി പറ്റുകയില്ല. കര്‍ണാടക സ്വദേശി സോഹന്‍ ബല്‍റാമിന്റെ ഭാഗ്യമാണ് ഭാഗ്യം. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിന് കാണാനായി കുടുംബ സമേതം വിരുന്നെത്തിയതായിരുന്നു സോഹന്‍ ബല്‍റാം. ഇദ്ദേഹത്തിനാണ് ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടി രൂപ സമ്മാനം നേടിയത്. പുത്തനത്താണി ടൗണിലെ ഭാഗ്യധാര ലോട്ടറി ഏജന്‍സിയിലെ ജീവനക്കാരനായ പറവന്നൂര്‍ കൈപ്പാലക്കല്‍ പ്രഭാകരന്റെ വീട്ടിലാണ് സോഹന്‍ ബല്‍റാം എത്തിയത്.

മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ സോമനഹള്ളി സ്വദേശിയാണ് സോഹന്‍ ബല്‍റാം. ഇദ്ദേഹം ജീവിതത്തില്‍ ആദ്യമായിട്ടാണ് ലോട്ടറി എടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് സോഹന്‍ ബല്‍റാം കുടുംബസമേതം പ്രഭാകരന്റെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് കടയില്‍ എത്തിയ സോഹന്‍ ലോട്ടറി ടിക്കറ്റ് എടുക്കുകയായിരുന്നു. എന്നാല്‍ നറുക്കെടുപ്പിന് കാത്തു നില്‍ക്കാതെ ഇന്നലെ ഉച്ചയോടെ അദ്ദേഹം കുടുംബ സമേതം നാട്ടിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഫലം വന്നത്.

ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപയുടെ അഞ്ച് സമ്മാനാര്‍ഹരില്‍ ഒരാള്‍ സോഹന്‍ കുമാറായിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഫലം വന്നത്. ഇതോടെ പ്രഭാകരന്‍ ലോട്ടറിയടിച്ച വിവരം സോഹനെ ഫോണ്‍ ചെയ്ത് അറിയിച്ചു. ഇതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച് അവര്‍ പുത്തനത്താണിയിലേക്ക് തിരികെ പോന്നും. ലോട്ടറി ഏജന്‍സി ഉടമ മണികണ്ഠന്‍, സോഹനെയും കുടുംബാംഗങ്ങളെയും മധുരം നല്‍കി സ്വീകരിച്ചു.