പെൻഷന് അർഹത നേടിയ പഴ്സനൽ സ്റ്റാഫിനെ മാറ്റുമ്പോൾ തങ്ങൾക്കും അവസരം നൽകണമെന്ന് കേരള കോൺഗ്രസ് എം സൈബർ വിഭാഗം

കോട്ടയം. ചീഫ് വിപ്പ് എന്‍ ജയരാജന്റെ പഴ്‌സനല്‍ സ്റ്റാഫില്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി പെന്‍ഷന് അര്‍ഹത നല്‍കിയവരെ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. അതേസമയം പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് സൈബര്‍ വിഭാഗം രഹസ്യ യോഗം ചേര്‍ന്നു. കാഞ്ഞിരപ്പള്ളി എംഎല്‍എയായ ജയരാജന്‍ ചീഫ് വിപ്പായപ്പോള്‍ ആദ്യം എട്ട് പേരെയാണ് നിയമിച്ചത്.

പിന്നീട് 17 പേരെക്കൂടി നിയമിച്ചു. ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അഡീഷണല്‍ സെക്രട്ടറി, അസി പ്രൈവറ്റ് സെക്രട്ടറിമാര്‍, നാല് ഓഫീസ് അറ്റന്‍ഡന്റുമാര്‍, അഞ്ച് ക്ലര്‍ക്കുമാര്‍, ഒന്നുവീതം കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, അഡീഷനല്‍ പഴ്‌സനല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് എന്നിവരെയാണ് നിയമിച്ചത്.

മാസം ഒന്നര ലക്ഷം രൂപയാണ് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ശമ്പളം. ഓഫീസ് അറ്റന്‍ഡറിന് 50000 രൂപയും. ഇവര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 4750 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. കേരള കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികളുടെ കൂട്ടായ്മയാണ് യോഗം ചേര്‍ന്നത്. ഇതിലേക്ക് നേതാക്കളെ ക്ഷണിച്ചിരുന്നില്ല.