കോതി മാലിന്യപ്ലാന്റ്; പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ വളയുന്നു, സംഘർഷം

കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സമരസമിതി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ വളയുന്നു. സമരത്തിനിടെ നേരിയ സംഘര്‍ഷമുണ്ടായി. സമരക്കാരും പൊലീസുമായി ഉന്തും തളളുമുണ്ടായി. കോര്‍പ്പറേഷന്‍ ഒാഫിസിലേക്ക് കയറാന്‍ ശ്രമിച്ച ജീവനക്കാരിയെ തടഞ്ഞതിനെ ചൊല്ലിയും തർക്കമുണ്ടായി. ആവിക്കല്‍ പ്ലാന്റിനെതിരായ സമരം ചെയ്യുന്നവരും സമരത്തിലുണ്ട്. യു.ഡി.എഫും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ശുചിമുറി മാലിന്യപ്ലാന്റിനെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് കോതിയിൽ തുടരുന്നത്. ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രദേശവാസികൾ കഴി കഴിഞ്ഞ ദിവസങ്ങളിൽ റോഡ് ഉപരോധിച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. എന്നാൽ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിൽ നിന്ന് ഒരുകാരണവശാലും പിൻമാറില്ലെന്ന നിലപാടിലാണ് കോർപ്പറേഷൻ.

കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയതിനെ തുടർന്നായിരുന്നു കോർപ്പറേഷൻ അധികൃതർ ശുചിമുറി മാലിന്യപ്ലാന്റ് നിർമാണവുമായി മുന്നോട്ടുവന്നത്. എന്നാൽ തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാലിന്യ പ്ലാന്റ് നിർമ്മിക്കുന്നതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പത്രിഷേധക്കാരുടെ നീക്കം.