കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി.കെ മനോജ് ബിജെപിയിൽ ചേർന്നു. ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനത്ത് വെച്ച് എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് വി.കെ മനോജ് ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്നത്തെ കോൺഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്നും ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ മുഴുവൻ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോൺഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി സെക്രട്ടറിയുമായിരുന്ന രഘുനാഥ് കഴിഞ്ഞ ഡിസംബറിലാണ് ബി.ജെ.പിയിൽ ചേർന്നത്. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായിയായിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടുനീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയിലേക്ക് പോയത്. അര നൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്. നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരനെക്കൊണ്ട് പ്രയോജനവുമില്ല. ധർമടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ല എന്നാണ് പാർട്ടി വിടുമ്പോൾ രഘുനാഥ് പറഞ്ഞത്.