അച്ഛന്റെ കളര്‍ ആകെ മാറി, വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന്‍ ആയി

തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ നിറം ആകെ മാറിയെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ തന്റെ തെരഞ്ഞെടുപ്പ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. ജീവിതത്തില്‍ അടുത്തകാലത്ത് ഇത്രയും ആനന്ദത്തോടെ ചെയ്ത ഒരു പണിയുമില്ല. ഇരുപത് ദിവസത്തോളം വെയിലത്ത് നിന്നതിനാല്‍ നിറം മാറിയെന്നും കൃഷ്ണകുമാര്‍ പറയുന്നു.

പ്രചാരണത്തിനിടെ ജനങ്ങള്‍ തന്ന ഊര്‍ജം പ്രധാനമായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. വെയിലത്ത് ഇറങ്ങി പ്രചാരണം നടത്തിയത് നിറം ആകെ മാറിപ്പോകാന്‍ കാരണമായി. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ മക്കള്‍ പറഞ്ഞത്, അവരുടെ വാനില അച്ഛന്‍, ചോക്ലേറ്റ് അച്ഛനായി മാറിയെന്നാണെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ, സ്ഥാനാര്‍ഥി പട്ടിക വന്ന മാര്‍ച്ച് 14 മുതല്‍ ഇലക്ഷന്‍ നടന്ന ഏപ്രില്‍ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തില്‍ ആണ് ദിവസങ്ങള്‍ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയില്‍ നിന്നും ഓപ്പണ്‍ ജീപ്പില്‍ കേറിയത് മുതല്‍ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതല്‍ രാത്രി 10 വരെ. അതിനു ശേഷം സോഷ്യല്‍ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്‌നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങള്‍ നല്‍കിയ സ്വീകരണവും, സ്‌നേഹവും എനിക്ക് തന്ന ഊര്‍ജം അത്രക്കായിരുന്നു. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി.. ഇലക്ഷന്‍ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. ‘വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന്‍ ആയെന്നു ‘..