വൈദ്യുതി ഭേദഗതി നിയമ൦; കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ; ഓഗസ്റ്റ് 10ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്ക് നടത്തു൦

പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പാസാക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെയുള്ള എതിർപ്പ് സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചു. ഭേദഗതി നിയമത്തിനെതിരെ ഓഗസ്റ്റ് 10ന് സംസ്ഥാനത്ത് പണിമുടക്ക് നടത്താൻ വൈദ്യുതി ബോർഡ് ജീവനക്കാരും തീരുമാനിച്ചു. ക്രോസ് സബ്‌സിഡി എടുത്തുകളയുന്നതോടെ ഗാർഹിക ഉപഭോക്താക്കളുടെ നിരക്കിൽ വൻവർധനയാകും ഉണ്ടാകുക. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യഅധികാരമുള്ള വിഷയമാണ് വൈദ്യുതി. എന്നാൽ സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി.

നിയമം പാസ്സാക്കുന്നതോടെ ഇനി മുതൽ വൈദ്യുതി വിതരണത്തിന് ലൈസൻസ് വേണ്ട. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ രജിസ്റ്റ്ര് ചെയ്താൽ മതി. സ്വകാര്യ മേഖലയ്ക്ക് വൈദ്യുതി വിതരണമേഖലയിൽ കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോർഡ് ജീവനക്കാർക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ ഇതു ഭീഷണിയായി മാറും. കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള സബ്‌സിഡി പൂർണമായും ഒഴിവാക്കുന്ന അവസ്ഥയുമുണ്ടാകും.