ഒരു സഹസംവിധായകന്റെ കല്യാണത്തിന് സിനിമ താരങ്ങള്‍ വരുമോ, ഞെട്ടിച്ചത് പാര്‍വതി, അനുഭവം പങ്കുവെച്ച് ലാല്‍ ജോസ്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ എല്ലാം മിനിമം ഗ്യാരന്റി ചിത്രങ്ങള്‍. 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധാനം തുടങ്ങുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ലാല്‍ ജോസ് മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു. കമലിന്റെ സഹ സംവിധായാകനായിട്ട് ആയിരുന്നു ലാല്‍ ജോസിന്റെ തുടക്കം. നിരവധി ചിത്രങ്ങളില്‍ കമലിനെ അസിസ്റ്റ് ചെയ്തു. ഇങ്ങനെ സഹസംവിധായകനായി ജോലി ചെയ്ത് വരവെ തന്റെ ജീവിതത്തില്‍ സംഭവിച്ച മറക്കാനാവാത്ത ഒരു കാര്യം തുറന്ന് പറയുകയാണ് ലാല്‍ ജോസ്. തന്റെ വിവാഹത്തിനിടയ്ക്ക് സംഭവിച്ച കാര്യമാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.

‘ ‘എന്നോടിഷ്ടം കൂടാമോ’ എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ വിവാഹം. ഒരു അസിസ്റ്റന്റ്‌റ് സംവിധായകന്റെ കല്യാണത്തിന് സിനിമ താരങ്ങള്‍ വരുമോ എന്നായിരുന്നു നാട്ടുകാരുടെ സംസാരം. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് നടി പാര്‍വ്വതി എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നു, അന്ന് പാര്‍വ്വതി വളരെ പ്രശസ്ത നടി എന്ന നിലയില്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ‘കമലദളം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് പാര്‍വ്വതി എന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി വന്നത്. മറ്റു സിനിമാ താരങ്ങളായി ദിലീപും കമല്‍ സാറും ഉണ്ടായിരുന്നു. ദിലീപ് അന്ന് എനിക്കൊപ്പം സഹസംവിധായകനായി വര്‍ക്ക് ചെയ്യുകയാണ്.

ജയറാമേട്ടനെയും ഞാന്‍ കല്യാണത്തിന് വിളിച്ചിരുന്നു. പക്ഷെ ‘ഊട്ടിപ്പട്ടണം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പാര്‍വ്വതി വന്നത് എന്തായാലും എന്റെ നാട്ടിലെ ആളുകള്‍ക്കിടയില്‍ ഒരു ചര്‍ച്ചയായി മാറി. അപ്പോഴാണ് ഞാനും മനസിലാക്കിയത് അത് എത്രത്തോളം വലിയ ഒരു കാര്യമായിരുന്നുവെന്ന്’. ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.