ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിപ്പിച്ചെന്ന് എൽഡിഎഫിന്റെ പരാതി, രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കണ്ണൂർ: വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്ന എൽഡിഎഫ് പരാതിയിൽ നടപടി. പോളിംഗ് ഓഫീസറെയും ബിഎൽഒയെയും സസ്‌പെൻഡ് ചെയ്തു. കണ്ണൂരിലെ 70-ാം നമ്പർ ബൂത്തിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്പ്പിച്ചുവെന്ന പരാതിയിലാണ് നടപടി. വ്യാജ പേരിൽ വോട്ട് ചെയ്തെന്ന് എൽഡിഎഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കെ കമലാക്ഷി എന്ന സ്ത്രീക്കാണ് വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നത്. അവരാണ് വീട്ടിലെ വോട്ടിന് അപേക്ഷിച്ചിരുന്നത്.

എന്നാൽ 15-ാം തീയതി പോളിംഗ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർ എത്തിയപ്പോൾ ബിഎൽഒ ആയ ഗീത ഇവരെ വി കമലാക്ഷി എന്ന മറ്റൊരു സ്ത്രീയുടെ വീട്ടിലേയ്ക്കാണ് കൊണ്ടുപോയത്. അങ്ങനെ 82വയസുള്ള വി കമലാക്ഷിയാണ് കെ കമലാക്ഷിക്ക് പകരം വോട്ട് ചെയ്തത്. ഇതിനെതിരെയാണ് എൽഡിഎഫ് പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് അസിസ്റ്റന്റ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കല്യാശേരിയിൽ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോൾ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.