പ്രചാരണം കൊഴുപ്പിച്ച് ലിജിൻ ലാൽ, മണ്ഡലത്തിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ബിജെപി

പുതുപ്പള്ളിയിൽ ഇത്തവണ ബിജെപി കരുതിക്കൂട്ടിയാണ്. ഉമ്മൻ ചാണ്ടിയെന്ന അതികായൻ 53 വർഷക്കാലം ഭരിച്ച മണ്ഡലത്തിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ബിജെപി ഉറച്ചുവിശ്വസിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ ജീവിതം പൊറുതിമുട്ടിയ മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപിയാണ് ഇനിയുള്ള പ്രതീക്ഷയെന്നും പ്രവർത്തകർ പറയുന്നു. പുതുപ്പള്ളി മണ്ഡലത്തിൽ ജയിക്കുമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ലിജിൻ ലാൽ. വീടുകൾ കയറിയിറങ്ങിയും കവലകൾ തോറും പ്രസംഗിച്ചും വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചും തിരഞ്ഞെടുപ്പ് കൊഴുപ്പിക്കുകയാണ് ബിജെപി.

ബഹുമുഖ പ്രചാരണവുമായി ബിജെപി

ബിജെപിയുടെ സംഘടനാ ശക്തി വെളിവാക്കുന്ന തരത്തിൽ കൃത്യമായ പദ്ധതികളോടെയാണ് പ്രചാരണം നടത്തുന്നത്. എല്ലാ വീടുകളിലും സ്ഥാനാർഥിക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ തിരഞ്ഞെടുത്ത വീടുകളിൽ മാത്രമാണ് പര്യടനം നടത്തുന്നത്. ഒരു പ്രദേശത്തെ പൗരപ്രമുഖരുടെയും പ്രധാനപ്പെട്ട ആളുകളുടെയും വീടുകളിൽ സ്ഥാനാർഥി എത്തും.

വലിയ ആൾക്കൂട്ടമോ ആർഭാടമോ ഇല്ലാതെയാണ് ഭവനസന്ദർശനം നടത്തുന്നത്. നാമമാത്രമായ ആളുകൾ മാത്രമാണ് ലിജിൻ ലാലിന്റെ ഒപ്പം വീടുകളിൽ എത്തുന്നത്. സ്ഥാനാർഥിയെന്ന ഭാവമില്ലാതെ അയൽക്കാരനെപ്പോലെ വീടുകളിൽ കയറിച്ചെന്ന് കുശലം പറഞ്ഞും കുട്ടികൾക്ക് മിഠായി നൽകിയുമാണ് ലിജിൻ വോട്ടഭ്യർഥിക്കുന്നത്.