ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി, ആദ്യ ഘട്ടം ഏപ്രിൽ 19ന്

ന്യൂഡല്‍ഹി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടം ഏപ്രില്‍ 19നാണ്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിന് മുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് കേരളത്തിലും വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. ആന്ധ്രപ്രദേശ്, ഒഡീഷ, ആരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ മേയ് 13നും അരുണാചല്‍,സിക്കിം സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 19നുമാണ് വൊട്ടെടുപ്പ്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും.

വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. 26 നിയമസഭകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും, 48000 ട്രാന്‍സ്‌ജെന്ഡറുകളും ഉള്‍പ്പെടുന്നു. രാജ്യത്തെ വോട്ടര്‍മാരില്‍ 1.8 കോടി കന്നി വോട്ടര്‍മാരും 20നും 29നും വയസ്സിനിടയിലുള്ള 19.47 കോടി വോട്ടര്‍മാരുമാണ് ഉള്ളത്.

രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. 85 വയസ്സു കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ട് ഫ്രം ഹോം. പോളിംഗ് ബൂത്തുകള്‍ നിയന്ത്രിക്കാന്‍ 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.