പോളിംഗ് ഡാറ്റയിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപണം, ഖാർഗെയുടെ വായടപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് മനഃപൂർവം നടത്തിയ പ്രസ്താവന,മേലിൽ ആവർത്തിക്കരുതെന്ന് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാ‍ർജുൻ ഖാർ​ഗെയ്‌ക്ക് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.

പോളിം​ഗ് ശതമാനം പുറത്തുവിട്ടതിൽ അപാകതകളുണ്ടെന്നും വോട്ടെടുപ്പിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായും കമ്മീഷനെതിരെ മല്ലികാർജുൻ ഖാർ​ഗെ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കോൺ​ഗ്രസ് അദ്ധ്യക്ഷന് കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്.

ചരിത്രത്തിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത്തവണത്തേതെന്നായിരുന്നു ഖാർ​ഗെയുടെ പരാമർശം. പോളിം​ഗ് ബോഡി പുറത്തുവിട്ട കണക്കുകളിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും ഖാർ​ഗെ പറഞ്ഞു. ഇൻഡി മുന്നണി നേതാക്കൾക്ക് അയച്ച കത്തിലായിരുന്നു ഖാർ​ഗെയുടെ ആരോപണം.

ഖാർ​ഗെയുടേത് അനുചിതവും അനാവശ്യവുമായ വാക്കുകളാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കോൺ​ഗ്രസ് അദ്ധ്യക്ഷന്റെ ആരോപണങ്ങൾ നിഷേധിച്ച പോൾ ബോഡി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആവ‍ർത്തിക്കരുതെന്നും താക്കീത് നൽകി.