മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്,രാഹുലിന്റെ നിലപാടും ഇതിന് സമം, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്, രാഹുലിന്റെ നിലപാടും ഇതിന് സമമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ പാകിസ്താനെ ഭയക്കണമെന്നാണ് അയ്യർ കരുതുന്നത്. ഇതോടെ കോൺ​ഗ്രസ് പാർട്ടിയും രാഹുലും പാക് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

കോൺ​ഗ്രസിന്റെ നിലപാടുകളാണ് മണിശങ്കർ അയ്യറിലൂടെയും, സാം പിത്രോദയായിലൂടെയും പുറത്ത് വന്നതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. പാക് വിദേശകാര്യ മന്ത്രി രാഹുലിനെ പിന്തുണച്ച് സംസാരിച്ചത് എല്ലാവരും കണ്ടതാണ്.

കേരളത്തിലടക്കം കോൺ​ഗ്രസ് എസ്ഡിപിഐയുടെയും പിഎഫ്ഐയുടെയും പിന്തുണ സ്വീകരിച്ചു. കോൺ​ഗ്രസ് അയ്യരുടെ പരാമർശത്തിൽനിന്നും അകലം പാലിക്കുമെന്നുറപ്പാണ് എന്നാൽ അകലം പാലിച്ച് പാലിച്ച് കോൺ​ഗ്രസ് എവിടെയെത്തിയെന്ന് അറിയില്ലെന്നും, അദ്ദേഹം പരിഹസിച്ചു.

പാകിസ്താനെ ബഹുമാനിച്ചില്ലെങ്കിൽ അവർ അണുബോം​ബ് വർഷിക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മണിശങ്കർ അയ്യരുടെ വിവാദ അഭിമുഖം ഫേസ്ബുക്കിൽ പങ്കുവെച്ച കേന്ദ്രമന്ത്രി, രാഹുലിന്റേയും കോൺ​ഗ്രസിന്റേയും പ്രത്യയശാസ്ത്രമാണ് ഈ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് കുറിച്ചു.