ശിവശങ്കറിന്റെ ജാമ്യ അപേക്ഷ മാറ്റിവച്ചു, ഡിയുടെ പ്രത്യേക കോടതിയെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ എം ശിവശങ്കർ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലായിലേയ്ക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേന്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. സുപ്രീം കോടതി അവധിയ്ക്ക് പിരിയുന്നതിനുമുൻപ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നൽകണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം

ശിവശങ്കറിന്റെ സ്ഥിരജാമ്യത്തിനുള്ള അപേക്ഷയും ജൂലായിലായിരിക്കും പരിഗണിക്കുന്നത്. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നേരത്തെ സുപ്രീം കോടതി ഇ ഡിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ ഇഡി എതിര്‍ത്തു. സസ്പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ കയറിയ ശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സയ്ക്ക് വിധേയനായിട്ടില്ലെന്ന് ഇ.ഡി യുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.