മഹാരാഷ്ട്ര ഇനി ബി ജെ പി ഭരിക്കും, ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാവും

 

മുംബൈ/ മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയായേക്കും. ശിവസേനയിലെ കലാപത്തിനു ചുക്കാൻ പിടിച്ച ഏകനാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി ബി ജെ പി മുന്നോട്ട് പോവുകയാണ്.

ഫഡ്‌നാവിസും ഷിന്‍ഡെയും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും. 150 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് ഇവര്‍ ഗവര്‍ണറെ അറിയിക്കുക. ഫഡ്‌നാവിസ് വെള്ളിയാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. ആദ്യപടിയായി ചെറുമന്ത്രിസഭയാവും ഉണ്ടാക്കുക.

ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേര് തന്നെയാണ് ബി ജെ പിയുടെ മുന്നിലുള്ളത്. അസമിലെ ഗുവാഹത്തിയിൽനിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിൻഡെ പക്ഷം വ്യാഴാഴ്ച രാവിലെ മുംബൈയിൽ എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഇവർ ഗോവയിൽനിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവർക്കൊപ്പമുളളവരും ചേരുമ്പോൾ 162 പേരുടെ പിന്തുണയാണ് ദേവേന്ദ്ര ഫഡ്നാവിസിനല്ലത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണ മാത്രമാണ്.

ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഫഡ്‌നാവിസും ഷിന്‍ഡെയും മാത്രമാകും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും, നിയമസഭ വിപ്പിന്റെ തെരെഞ്ഞെടുപ്പിനു ശേഷം സഭയില്‍ വിശ്വാസ വോട്ടും തേടിയശേഷമാകും മന്ത്രിസഭാ വികസനം ഉണ്ടാകുക.

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നാണ് ഷിന്‍ഡെ ക്യാമ്പ് അവകാശപ്പെടുന്നത്. ഒരു പാര്‍ട്ടിയിലും തങ്ങള്‍ ലയിക്കില്ലെന്നും ശിവസേന എംഎല്‍എ ദീപക് കേസര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒരു ആഘോഷവും നടത്തിയിട്ടില്ല.

ഉദ്ധവിനെ അനാദരിക്കുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യാന്‍ തങ്ങള്‍ക്ക് ഒരു ലക്ഷ്യവുമില്ല. ഞങ്ങളാരും താക്കറെ കുടുംബത്തിന് എതിരല്ല. ഞങൾ താക്കറെയെ വഞ്ചിച്ചിട്ടില്ല. ബാലാസാഹേബിന്റെ തത്വങ്ങള്‍ മുറുകെ പിടിക്കുകയാണ് ഞങൾ ചെയ്തത്. കേസര്‍ക്കര്‍ പറഞ്ഞു. അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച് ബിജെപിയും ശിവസേന വിമതരും തമ്മില്‍ അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.