മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം ; കേസെടുത്ത് പോലീസ് , പ്രതികൾ ഒളിവിൽ

കൊല്ലം: കൊല്ലത്ത് മദ്യപ സംഘത്തിന്റെ മർദ്ദനമേറ്റ ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ നാല് പേരും ഒളിവിലെന്ന് പോലീസ്. മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത അജയകുമാറിനെ മദ്യപ സംഘം ക്രൂരമായി മർദിക്കുകയും ഉടുതുണി ഉരിയുകയുമായിരുന്നു. കേസിൽ ഇടുക്കി സ്വദേശി ആൻസൻ, ആയൂർ സ്വദേശികളായ ഫൈസൽ, മോനിഷ്, നൗഫൽ എന്നിവരാണ് ഒളിവിൽ കഴിയുന്നത്. ആൻസനാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്.

അജയകുമാറിന്റെ ആത്മഹത്യയിൽ ഇവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. മകളുടെയും ഭാര്യയുടെയും പരാതിയെ തുടർന്നാണ് പോലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി നാല് പേർക്കെതിരെ കേസെടുത്തത്. മർദ്ദനമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് അജയകുമാർ ജീവനൊടുക്കിയത്. കഴിഞ്ഞ 19 നായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

ട്യൂഷൻ കഴിഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയായ മകളേയും കൂട്ടി ബൈക്കിൽ വരികയായിരുന്നു അജയകുമാർ. ഈ സമയത്ത് നാലുപേർ ചേർന്ന് മദ്യപിക്കുകയായിരുന്നു. വഴിയിൽ വെച്ച് വിദ്യാർഥിനിയായ മകളോട് ഇവർ മോശമായി സംസാരിച്ചു. തുടർന്ന് മകളെ വീട്ടിലിറക്കിയ ശേഷം തിരികെ പോയി ചോദിക്കുകയായിരുന്നു. എന്നാൽ മദ്യലഹരിയിലായിരുന്നവർ അജയകുമാറിനെ ക്രൂരമായി മർദിക്കുകയും അദ്ദേഹത്തിന്റെ വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്തു. ശരീരത്തിലാകമാനം പരിക്കേറ്റിരുന്നു.

സംഭവത്തിന് ശേഷം അജയകുമാർ വീട്ടിൽ എത്തി മുറിയിൽ കിടക്കുകയായിരുന്നു. ഭക്ഷണംകഴിക്കാൻപോലും പുറത്തു വന്നില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ആറരയോടുകൂടി പുറത്തേക്ക് പോയ അജയകുമാറിനെ പിന്നീട് കാണുന്നത് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ്. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു. പൊലീസിൽ കേസ് നൽകാൻ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയാറായില്ല.