ഡ്രൈവിംഗ് റോഡ് ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശിക്കാം

തിരുവനന്തപുരം. ഡ്രൈവിംഗ് ലൈസന്‍സിന് റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ വാഹനത്തില്‍ ഇനി ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശിക്കാം. ലോക്ഡൗണിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ ഒരാളെ മാത്രമാണ് അനുവദിച്ചിരുന്നത്. ആ നിയന്ത്രണമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കി.

ഡ്രൈവിംഗ് ടെസ്റ്റിനിടയില്‍ വനിതകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം ഉണ്ടായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിനായി പുരഷ ഇന്‍സ്‌പെടര്‍മാര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് നിയന്ത്രണം ഒഴിവാക്കുവാന്‍ തീരുമാനിച്ചത്. വാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു.