നയൻതാരയ്‌ക്കും ഭർത്താവിനുമൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ എത്തി ഷാരൂഖ് ഖാനും മകളും

ന്യൂഡൽഹി: പുതിയ ചിത്രം ജവാന്റെ റിലീസിന് മുന്നോടിയായി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകൾ സുഹാനാ ഖാനും തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ചിത്രത്തിലെ നായിക നയൻതാരയ്‌ക്കും ഭർത്താവ് വിഘ്‌നേഷ് ശിവനുമൊപ്പമാണ് ഷാരൂഖ് തിരുപ്പതിയിലെത്തിയത്. വെള്ള നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഷാരൂഖ് ഖാൻ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയതിയിരുന്നു.

ജവാൻ സെപ്തംബർ ഏഴിന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ തിരുപ്പതി സന്ദർശനം. ചിത്രത്തിന് മികച്ച പ്രീബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ജവാൻ റിലീസ് ചെയ്യും. പഠാന്റെ ബോക്‌സ് ഒഫീസ് വിജയം ആവര്‍ത്തിക്കാനുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ട്രെയിലറും ഗാനങ്ങളും നല്‍കുന്ന സൂചന.