അറബിക്കടലിലെ ഇരട്ടച്ചുഴലിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം

തിരുവനന്തപുരം : അറബിക്കടലിലെ ഇരട്ടച്ചുഴലിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊള്ളുന്നു. കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായേക്കുമെന്നാണ് നി​ഗമനം. ആന്‍ഡമാന്‍ തീരത്തിനടുത്ത് ഒന്നോ രണ്ടോ ദിവസത്തിനകം ന്യൂനമര്‍ദം ശക്തമാകുമെന്നാണ് കാലാവസ്ഥ ​ഗവേഷകരുടെ വിലയിരുത്തല്‍.

കേരളത്തില്‍ 7 വരെ കനത്ത മഴയ്ക്കു സാധ്യതയില്ല. തെക്കന്‍ ജില്ലകളില്‍ ചുരുക്കം സ്ഥലങ്ങളില്‍ മഴ പെയ്തേക്കാം. കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതേസമയം, 6 വരെ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കു പോകരുതെന്ന് നിര്‍ദേശമുണ്ട്. അതിനിടെ ‘മഹ’ ചുഴലിക്കാറ്റ് വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് മടങ്ങിവരുന്നു. ഗോവാ തീരത്തു നിന്നു വടക്കുപടിഞ്ഞാറു നീങ്ങിയ ചുഴലിക്കാറ്റ് ഇന്നലെയാണ് ഗുജറാത്ത് തീരത്തേക്കു തിരിഞ്ഞത്. ഗുജറാത്ത് തീരമെത്തും മുന്‍പേ ശക്തി കുറയുമെന്നാണു വിലയിരുത്തല്‍.

മഹാ വീശിയടിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കനത്ത നാശമാണുണ്ടായത്. വ്യോമ നാവിക ഗതാഗതങ്ങള്‍ നിര്‍ത്തി വയ്ക്കുകയും റഡ് അലര്‍ട്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
കാറ്റ് കനത്ത നാശം വിതയ്ക്കാനിടയുള്ള വടക്കന്‍ ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിരുന്നു. ലക്ഷദ്വീപിലേക്കുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു കവരത്തി, അഗതി ദ്വീപുകളിലും കനത്ത മഴയാണ് മഹായെ തുടര്‍ന്ന് പെയ്തത്.

വടക്കന്‍ ദ്വീപുകളായ ബിത്ര, കില്‍ത്താന്‍ , ചെത്തിലാത്ത് എന്നിവിടങ്ങില്‍ കാറ്റ് ശക്തമായി വീശി. പലയിടങ്ങളിലും തെങ്ങുകള്‍ വ്യാപകമായി കടപുഴകി. എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ബിത്ര ഉള്‍പ്പെടെയുള്ള വടക്കന്‍ ദ്വീപുകളിലുള്ളവരെ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു.

മണിക്കൂറുകള്‍ കഴിയുന്നതോടെ മഹാ ചുഴലിക്കാറ്റ് വീണ്ടും അതി ശക്തി പ്രാപിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തലുണ്ടായിരുന്നു. 90 മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും പിന്നീട് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിലേക്ക് മഹാ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടല്‍. കരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തിരുന്നു.

നേരത്തെ മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചുവരുന്ന സാഹചര്യത്തില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് അയച്ചിരുന്നു. ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രൈ ടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നി കപ്പലുകളാണ് നാവിക സേന ലക്ഷ ദ്വീപിലേക്ക് അയച്ചത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണവുമായാണ് കപ്പലുകള്‍ പുറപ്പെട്ടത്.