കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം

ന്യൂഡൽഹി : 2018 ൽ കേരളത്തെ ആകെ ആശങ്കയിലാഴ്ത്തി ഒന്നായിരുന്നു നിപ വൈറസ്. നിരവധി പേർക്ക് ഇതുമൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. എന്നാലിപ്പോൾ കേരളം ഉൾപ്പെടെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുകയാണ് വിദഗ്ദർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസ്എംആർ) പഠനത്തിലാണ് വവ്വാലുകളിൽ നിപ കണ്ടെത്തിയിരിക്കുന്നത്.

കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്‌ട്ര, ബിഹാർ, പശ്ചിമബംഗാൾ അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യമുള്ളതായി തിരിച്ചറിഞ്ഞിക്കുന്നത്. . ഐസിഎംആറിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

അസമിലെ ധുബ്രി ജില്ല, പശ്ചിമബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ എന്നീ പ്രദേശങ്ങളിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കേരളത്തിൽ കോഴിക്കോട് പഴംതീനി വവ്വാലുകളിൽ നിപയുടെ സാന്നിദ്ധ്യം മുമ്പ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അന്ന് രാജ്യത്തെ മറ്റ് ഇടങ്ങളിൽ ഇത് സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി സർവേ നടത്തുന്നതിനായി തീരുമാനിച്ചത്.