രണ്ടാമതൊരു കുട്ടി വേണമെന്നോ വേണ്ടെന്നോ പ്ലാന്‍ ചെയ്തിരുന്നില്ല, കുഞ്ഞ് വന്നതോടെ 15 വര്‍ഷം പുറകിലേക്ക് തങ്ങള്‍ പോയി- പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് പക്രു. ദീത്തു കുഞ്ഞായിരുന്നപ്പോള്‍ പാവക്കുട്ടികളെയൊന്നും വേണ്ടായിരുന്നു. അവള്‍ ഡോക്ടറാകുമ്പോള്‍ രോഗിയാകുന്നതും അമ്മയാകുമ്പോള്‍ കുട്ടിയാകുന്നതും ഞാനായിരുന്നു. ജീവനുള്ള കളിപ്പാട്ടമായി അച്ഛന്‍ തന്നെ അരികിലുള്ള സ്ഥിതിയ്ക്കു വേറെ കളിപ്പാട്ടമെന്തിനാണ്.

ദീത്തു ഉണ്ടായ ശേഷം നല്ല ഗ്യാപ്പ് വന്നതു കൊണ്ട് അന്നത്തെ കളികളൊക്കെ മറന്നു പോയിരുന്നു. ഇപ്പോഴെല്ലാം പൊടി തട്ടിയെടുത്തുവെന്നാണ് അജയകുമാര്‍ പറയുന്നത്. ഇത്രയും പ്രായ വ്യത്യാസമുള്ളതു കൊണ്ട് രണ്ടാമത്തെ കുട്ടിക്കു വേണ്ടി ചികിത്സ ചെയ്‌തോ എന്നെല്ലാം ആളുകള്‍ ചോദിച്ചു. അടുത്ത കുട്ടി വേണമെന്നോ വേണ്ടെന്നോ പ്ലാന്‍ ചെയ്തിരുന്നില്ല. ദീത്തു മാത്രം മതി എന്നായിരുന്നു താല്‍പര്യം. പക്ഷെ ദീത്തുവിന് എപ്പോഴോ അനിയത്തി വേണം എന്നൊരു ആഗ്രഹം തുടങ്ങി.

ദിച്ചു വന്നതോടെ ദീത്തു അവളുടെ ചേച്ചിയമ്മയായി. വലിയൊരു സമ്മാനം കിട്ടിയ പ്രതീതിയാണ് ദീത്തുവിനെന്നും അജയകുമാര്‍ പറയുന്നു. കുഞ്ഞായിരുന്നപ്പോള്‍ അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്നു ചോദിച്ചാല്‍ വളരെ ഡിപ്ലോമാറ്റിക് ആയി രണ്ടു പേരെ എന്നൊക്കെ പറഞ്ഞോണ്ടിയിരുന്നാല്‍ ഇപ്പോള്‍ ഒറ്റയടിക്ക് വാവയെ എന്നാണ് പറയുന്നത്. അതേസമയം കുഞ്ഞ് വന്നതോടെ 15 വര്‍ഷം പുറകിലേക്ക് തങ്ങള്‍ പോയെന്നാണ് താരം പറയുന്നത്. പ്രായം കുറഞ്ഞതു പോലെ. തങ്ങള്‍ അന്നത്തേക്കാള്‍ ഫ്രീയാണെന്നും കുഞ്ഞിനെ നോക്കാന്‍ ചേച്ചിയമ്മയുണ്ടല്ലോ എന്നും താരം പറയുന്നുണ്ട്. പിന്നാലെ തന്നിലെ അച്ഛനെക്കുറിച്ചും അജയകുമാര്‍ സംസാരിക്കുന്നുണ്ട്.

എനിക്കു കുഞ്ഞിനെ എടുക്കാനാകുമെങ്കിലും എടുത്തു കൊണ്ടു നടക്കാന്‍ കഴിയില്ല. ആരെങ്കിലും എടുത്തു കയ്യില്‍ തന്നാല്‍ വച്ചു കൊണ്ടിരിക്കാന്‍ പറ്റും. ദീത്തുവിനെ എടുക്കല്‍ എളുപ്പമായിരുന്നു. ഇളയവള്‍ അടങ്ങിയിരിക്കാത്ത പ്രകൃതമായതിനാല്‍ എടുക്കാന്‍ പ്രയാസമാണ്. പ്രകൃതം കണ്ടിട്ട് അവള്‍ താമസിയാതെ എന്നെയെടുത്തു തലകുത്തി നിര്‍ത്തും എന്നാണ് തോന്നുന്നത്.