തലസ്ഥാനത്ത് ഏഴ് വയസുകാരന്റെ ദേഹത്ത് പൊള്ളലേൽപ്പി സംഭവം, രണ്ടാനച്ഛന് കൂട്ട് നിന്ന അമ്മയും അറസ്റ്റിൽ

തിരുവനന്തപുരം : രണ്ടാനച്ഛൻ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂട്ടുനിന്ന അമ്മയും അറസ്റ്റിൽ. കുട്ടിയുടെ അമ്മ അഞ്ജനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാനച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ കൂട്ടു നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വധശ്രമത്തിന് കൂട്ടു നിൽക്കൽ, മാരകായുധം കൊണ്ട് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അമ്മയ്‌ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ജനയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു നടപടി. ഇരുവരും ചേർന്ന് കുട്ടിയെ കൊടുംക്രൂരതയ്ക്ക് ഇരയാക്കിയിരുന്നു.

അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിപ്പിച്ച് ഫാനിൽ കെട്ടിത്തൂക്കിയെന്നും പച്ച മുളക് തീറ്റിച്ചെന്നും കുട്ടിയുടെ പരാതിയിൽ പറയുന്നു. മുറിവേറ്റതിന്റെ പാടുകൾ കുട്ടിയുടെ ദേഹത്തുണ്ട്. ഒരു വർഷമായി രണ്ടാനച്ഛൻ ഇത്തരത്തിൽ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും അമ്മയും ഇതിന് കൂട്ടു നിൽക്കാറുണ്ടെന്നും കുട്ടി പൊലീസിൽ മൊഴി നൽകി

കുട്ടിയുടെ പരാതിയിൽ രണ്ടാനച്ഛനായ അനുവിനെ പൊലീസ് ഇന്നലെ തന്നെ പിടികൂടി. ഏഴു വയസുകാരനെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റിയിരിക്കുകയാണ്.