തേപ്പു പ്രണയം ; കാമുകന്മാര്‍ തമ്മിലടിച്ചു, ഇടപെട്ട പൊലീസ് നാണം കെട്ടു

തൊടുപുഴ : പ്രതിശ്രുതവരനൊപ്പം വിവാഹവസ്‌ത്രങ്ങള്‍ എടുക്കുന്നതിനിടെ യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ മുന്‍കാമുകന്റെ ശ്രമം. തടയാന്‍ ശ്രമിച്ച പ്രതിശ്രുതവരനെയും യുവതിയുടെ സഹോദരനെയും കാമുകനൊപ്പമെത്തിയ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചതു കൂട്ടയടിയില്‍ കലാശിച്ചു. തുടര്‍ന്ന്‌, പോലീസ്‌ എത്തി യുവതിയേയും കാമുകനെയും പ്രതിശ്രുതവരനെയും ബന്ധുക്കളെയും സ്‌റ്റേഷനിലെത്തിച്ചു.

തൊടുപുഴയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്‌. ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുമ്പ്‌ യുവാവ്‌ ഗള്‍ഫില്‍ പോയി. ഈസമയം പെണ്‍കുട്ടി കോട്ടയം, ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തില്‍ എന്‍ജീനിയറുമായ ഇതരമതസ്‌ഥനുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍നിന്നു ബംഗളുരുവിലെത്തി. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും കഴിഞ്ഞ 20-നു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്‌ചയം നടത്തുകയും ചെയ്‌തു. ഇതറിഞ്ഞ ഈരാറ്റുപേട്ട സ്വദേശി ഇന്നലെ രാവിലെ ഗുജറാത്തില്‍നിന്നു വിമാനത്തില്‍ നെടുമ്പാശേരിയിലെത്തി. അവിടെനിന്നു ടാക്‌സിയില്‍ തൊടുപുഴയിലെത്തി. വസ്‌ത്രശാലയില്‍നിന്നു യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതോടെയാണു സംഘര്‍ഷമുണ്ടായത്‌.

പോലീസ്‌ എത്തി വിവരമന്വേഷിച്ചതോടെ, വിവാഹം നിശ്‌ചയിച്ചതു തന്റെ അറിവോടെയാണെന്നു പെണ്‍കുട്ടി പറഞ്ഞു. ഇതോടെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ സ്‌ഥലം കാലിയാക്കി. എല്ലാം വ്യക്‌തമായ പ്രതിശ്രുതവരനും കുടുംബവും വിവാഹത്തിനു താല്‍പര്യമില്ലെന്ന്‌ അറിയിച്ചു. എങ്കില്‍, കാമുകനൊപ്പം പോകണമെന്നു പറഞ്ഞ യുവതിയെ മൈലക്കൊമ്പിലെ ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി. കോടതി മുഖേനയോ സ്‌റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കിയോ തലവേദന ഒഴിവാക്കാനാണു പോലീസിന്റെ ആലോചന. സംഘര്‍ഷത്തിന്റെ പേരില്‍ ആറുപേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.