പലപ്പോഴും എണീക്കുന്നത് പപ്പയെ സ്വപ്നം കണ്ട്, ഇപ്പോഴും ആ ഷോക്കിൽ നിന്നും മാറിയിട്ടില്ല- പാർവതി ശ്രീകുമാർ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിൽ തിരികെ എത്തി സജീവമാകുന്നത് കാത്തിരിക്കുകയാണ് ആരാധകർ. അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ജഗതി. നിലവിലെ അവസ്ഥയ്ക്ക് അനുയോജ്യമായ സിനിമകളുടെ ആലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിന് മുൻപ് ജഗതി സിനിമകൾ കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് മകൾ പാർവതി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്നു എന്ന് പാർവതി പറയുന്നു. വാക്കുകളിങ്ങനെ,

വീട്ടിൽ ഒരിക്കലും ജോലിയെ കുറിച്ച് പപ്പ സംസാരിക്കില്ലായിരുന്നു. ഏത് പടമാണ് ചെയ്യുന്നതെന്ന് പോലും നമ്മളോട് ആരോടും പറയാറില്ല. നമ്മൾ ചോദിച്ചാൽ ഇന്നയാളുടെ പടമാണെന്ന് പറയും. അല്ലാതെ ഒന്നുമില്ല. വീട്ടിൽ വന്നാൽ, അച്ഛൻ, ഭർത്താവ്, അപ്പുപ്പൻ ഈ റോളുകൾ ഒക്കെ തന്നെയാണ്. വീടിന് പുറത്തേ പുള്ളിക്ക് പ്രൊഫഷനൊക്കെ ഉണ്ടായിരുന്നുള്ളു. വീട്ടിൽ വന്നാൽ ഒരുമിച്ച് കുക്കിങും യാത്രകളുമൊക്കെയാണ്,’

‘അതിനെല്ലാം സമയം കണ്ടെത്തും. എന്റെ മക്കളും സഹോദരന്റെ മക്കളുമൊക്കെ ഉണ്ടായപ്പോൾ സിനിമ ഒന്ന് കുറച്ച് അവർക്കൊപ്പം സമയം ചെലവഴിക്കണമെന്നത് പപ്പയുടെ ഒരു ആഗ്രഹമായിരുന്നു. ലെനിൻ സാറിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ, ആ അപകടത്തിന് തലേ ദിവസം മുൻപ് അമ്മയെ വിളിച്ചപ്പോഴും പപ്പ അമ്മയോട് ഇനി പടങ്ങളൊക്കെ കുറയ്ക്കാൻ പോകുവാണെന്ന് പറഞ്ഞിരുന്നു,’

‘എനിക്ക് പിള്ളേരുടെ കൂടെ കുറച്ച് സമയം ഇരിക്കണം എന്നൊക്കെ പറഞ്ഞു. അന്ന് പപ്പയുടെ കയ്യിൽ ആൻഡ്രോയിഡ് ഫോണൊന്നുമില്ല. പപ്പ ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ അമ്മ ഫോണിൽ പിള്ളേരുടെ കളികളൊക്കെ കാണിച്ചു കൊടുക്കും. അപ്പോൾ പപ്പ പറയുമായിരുന്നു, നീ എന്ത് ഭാഗ്യവതിയാണ് നിനക്ക് ഇവരുടെ കൂടെ ഇരിക്കാമല്ലോ ഞാനും കുറച്ചു പടം കുറയ്ക്കാൻ പോവുകയാണ്’ അങ്ങനെയൊക്കെ പറഞ്ഞ് ഇരിക്കുമ്പോൾ ആണ് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അപകടം നടക്കുന്നത്,’

‘ഇപ്പോഴും അതിന്റെ ഷോക്ക് മാറിയിട്ടില്ല. ഇപ്പോഴും ഞാൻ പപ്പയെ സ്വപ്നം കാണും. പപ്പ വർത്തമാനം പറയുന്നതും കാവി മുണ്ടും കുറിയൊക്കെ തൊട്ട് നിൽക്കുന്നതും എല്ലാം കാണാറുണ്ട്. പല ദിവസങ്ങളിലും രാവിലെ ഞാൻ എഴുന്നേൽക്കുന്നത് അതും സ്വപ്നം കണ്ടാണ്. എഴുന്നേറ്റ് കഴിയുമ്പോഴാണ് ഓഹ് സ്വപ്നമായിരുന്നല്ലേ എന്ന് ചിന്തിക്കുന്നത്. അതിന്റെ ഷോക്ക് നമ്മുക്കെല്ലാവർക്കും ഇപ്പോഴും ഉണ്ട്,

2012ൽ തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ ജഗതി പിന്നീട് നീണ്ട നാളുകളായി ചികിത്സയിലായിരുന്നു. എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ പോലും സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ് അദ്ദേഹം. ഈ വർഷം സിനിമ ലോകത്തേക്ക് ജഗതി മടങ്ങി എത്തുമെന്ന വാർത്ത അദ്ദേഹത്തിന്റെ മകൻ അറിയിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങിവരവിനുവേണ്ടിയുള്ള കാത്തിപ്പിലായിരുന്നു സിനിമാപ്രേമികൾ. ആ കാത്തിരിപ്പ് അവസാനിച്ചത് കെ മധു സംവിധാനം ചെയ്ത സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെയാണ്.