അപകടത്തിൽപ്പെട്ട ഇന്ധന ട്രക്കിൽ നിന്നും പെട്രോൾ എടുക്കാൻ ശ്രമം, പിന്നാലെ പൊട്ടിത്തെറി, എട്ട് മരണം

യെനഗോവ: അപകടത്തിൽപ്പെട്ട ഇന്ധന ട്രക്കിൽ നിന്നും പെട്രോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കർ പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഒൻഡോ സംസ്ഥാനത്തെ സമീപപ്രദേശത്താണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ട്രക്കിൽ നിന്ന് ചിലർ പെട്രോൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടാങ്കർ പൊട്ടിത്തെറിച്ചത്.

ഈ സമയം വാഹനത്തിന് സമീപം ഉണ്ടായിരുന്നവരാണ് മരണപ്പെട്ടത്. റോഡിൽ ഉണ്ടായിരുന്ന വാഹനങ്ങളും കത്തി നശിച്ചു. നൈജീരിയയിൽ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമൂലം പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചരക്ക് നീക്കം ഇപ്പോഴും റോഡുമാർഗ്ഗമാണ് നടത്തുന്നത്. ഇത്തരം ടാങ്കർ അപകടങ്ങൾ പതിവാണ്.

2022 ഏപ്രിലിൽ, സെൻട്രൽ നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ ഇന്ധന ടാങ്കർ മറിഞ്ഞ്, തീപിടിച്ച് 12 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് വീടുകൾ കത്തി നശിക്കുകയു ചെയതു. അതേ വർഷം ജനുവരിയിൽ, തെക്കൻ നഗരമായ അഗ്‌ബോറിൽ ഒരു ടാങ്കർ സ്‌ഫോടനത്തിൽ നാല് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ ഇതിനൊന്നും പരിഹാരം കണ്ടെത്താൻ ആകാത്ത അവസ്ഥയിലാണ് രാജ്യം. ദാരിദ്ര്യവും സാമ്പത്തിക പ്രതിസന്ധിയും നൈജീരിയയെ പിടിച്ചു മുറുക്കുന്ന അവസ്ഥയാണ്.